ഒടിയൻ

ഒടിയൻ , മാടൻ , മറുത , കുട്ടിച്ചാത്തൻ, യക്ഷി...
മലയാളിക്കെന്നും കൗതുകവും ആകാംഷയും നൽകുന്ന വിഷയങ്ങളാണിവയൊക്കെ .
ഇരുൾ മൂടിയ ഇടവഴിയിൽ ഇരുളിന്റെ മറപറ്റി മരണത്തിന്റെ മണം പുരട്ടിയ കയ്യുമായി ഒടിച്ചു കൊല്ലുന്ന ഒടിയൻ കഥകൾ നാമൊരുപാട് കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഒടിയൻ.....? ആരാണ് ഒടിയൻ ..?
പ്രാചീനമായ ഒരു ശത്രു സംഹാര രീതിയാണ് ഒടിവിദ്യ, രണ്ടു രീതിയിലാണ് ഒടിവിദ്യയിലൂടെ ശത്രുവിനെ സംഹരിക്കാറുള്ളത് . ഒടിവിദ്യയിലൂടെ നേടിയെടുത്ത ശക്തി കൊണ്ട് ജീവികളുടെ രൂപം പൂണ്ട് ശത്രുവിനെ വഴിയിൽ കാത്തു നിന്ന് ഇരുൾ മറവിൽ ഒടിച്ചു കൊല്ലുന്നതാണ് സാധാരണയായുള്ള രീതി. നേരിട്ടുള്ള ഈ ആക്രമണത്തിന്റെ ആഗാധത്തിൽ ശത്രു തത്സമയം മരിക്കുകയോ അമിത ഭയം മൂലം ഒന്നോ രണ്ടോ ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങുകയോ ചെയ്യാം. കമ്പോ, വടിയോ ശത്രുവിന്റെ നേരെ നോക്കി മന്ത്രം ജപിച്ചു ഓടിച്ചിടുന്നതാണ് മറ്റൊരു രീതി. വടി ഒടിയുന്നതിന് കൂടെ ശത്രുവും നട്ടെല്ലു പൊട്ടി മരിക്കാറാണ് പതിവ്. കയ്യോ കാലോ മാത്രം ഓടിച്ചിടുന്നതും , ഇരയെ പേടിപ്പിച്ചു വിടുന്നതും ഇവരുടെ രീതിയാണ്.സാധാരണയായി കളരി വിദ്യ സ്വായത്തമാക്കിയ പാണൻ , പറയൻ എന്നീ സമുദായക്കാരാണ് ഒടിവിദ്യ നടത്തിപ്പോന്നിരുന്നത്.
പ്രത്യേകം തയ്യാറാക്കിയ മരുന്ന് പൂർണ നഗ്നനായി ചെവിക്ക് പുറകിൽ പുരട്ടിയാണ് ഒടിയൻ രൂപ മാറ്റം വരുത്തുന്നത് , കടിഞ്ഞൂൽ ഗർഭിണിയെ മന്ത്രത്തിലൂടെ അരികിൽ വരുത്തി മുളകൊണ്ട് തീർത്ത കത്തികൊണ്ട് നിറവയർ കുത്തിക്കീറി കുഞ്ഞിനെ എടുക്കുകയും ഈ വളർച്ചയെത്താത്ത കുഞ്ഞിനെ പ്രത്യേക രീതിയിൽ വാറ്റിയെടുത്ത് അതിൽ നിന്നും ലഭിക്കുന്ന ഒന്നോ രണ്ടോ തുള്ളി ദ്രാവകവും പ്രത്യേക പച്ചമരുന്നുകളും ചേർത്താണ് ഈ മരുന്ന് തയ്യാറാക്കിയിരുന്നത് , ഒരു തവണ ഉണ്ടാക്കിയെടുക്കുന്ന മരുന്ന് കൊണ്ട് ഒന്നോ രണ്ടോ തവണ മാത്രമേ രൂപമാറ്റം സാധിക്കുകയുള്ളു. എന്നാൽ യഥാർത്ഥത്തിൽ ഒടിയന് രൂപമാറ്റം സംഭവിക്കുന്നില്ലെന്നും മന്ത്രശക്തിയാൽ രൂപമാറ്റം മറ്റുള്ളവരിൽ തോന്നിപ്പിക്കുകയാണെന്ന വാദവും നിലനിൽക്കുന്നുണ്ട് .
പൂർണമായും മറ്റൊരു ജീവിയുടെ രൂപത്തിലേക്ക് രൂപമാറ്റം ഒടിയന് സാധ്യമല്ലെന്നാണ് പറയപ്പെടുന്നത്. സാധാരണയായി പട്ടി, കാള, കുറുക്കൻ തുടങ്ങിയ അക്രമ സ്വഭാവമുള്ള ജീവികളുടെ രൂപമാണ് ഒടിയൻമാർ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇവക്കെല്ലാം ഒരു കൊമ്പോ വാലോ അപൂർണമായി കണ്ടിരുന്നു. നല്ല നിരീക്ഷണ പാടവമുള്ളവർക്ക് ഒടിയനെ വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു. ചൂടുള്ള പദാർത്ഥങ്ങളുടെ സാന്നിധ്യത്തിൽ ഒടിവിദ്യ ഫലിക്കില്ല എന്നത് കൊണ്ട് പണ്ടുള്ളവർ യാത്രയിൽ ചൂട്ടുകളും വീടുകളിൽ തിളച്ച വെള്ളവും സ്ഥിരമായി കരുതിയിരുന്നു. അസാമാന്യ ധൈര്യമുള്ള മാന്ത്രികർ ഓടിയന്മാരെ മന്ത്രജപത്താൽ വൃത്തം വരക്കുകയും അതിനകത്തു കത്തി കുത്തിയിറക്കി പുലരും വരെ ബന്ധിപ്പിച്ചു നിർത്തുകയോ അവരെ കൊണ്ട് കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയോ ചെയ്യാറുണ്ടായിരുന്നു .
പണ്ട് കാലത്ത് ജന്മികൾ കീഴാള വർഗങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച അക്രമങ്ങളിൽ പൊറുതിമുട്ടിയ ഒരു പാണ സമുദായക്കാരൻ കളിമണ്ണിൽ ഒരു ബിംബം തീർത്ത് തീയ്യിൽ കരിയിച്ചെടുത്ത് ഈ ബിംബത്തെ സ്ഥിരമായി ഉപാസിക്കുകയും ഒടുവിൽ പാണന്റെ മുന്നിൽ കരിങ്കുട്ടി എന്ന ശക്തി പ്രത്യക്ഷപ്പെടുകയും ജന്മികളെ വകവരുത്താനുള്ള വരം പാണൻ ആവശ്യപ്പെടുകയും ചെയ്തു , എന്നാൽ വരം നൽകുന്നതിന് പകരം രൂപം മാറി ശത്രുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള മരുന്നിന്റെ രഹസ്യക്കൂട്ടാണ് കരിങ്കുട്ടി പാണന് പറഞ്ഞു കൊടുത്തത്. ഇതാണ് ഇതിന് പിന്നിൽ കേട്ടു വരുന്ന ഐതിഹ്യം.
ശത്രു ജനിച്ചവർഷം, ദിനം , ജന്മ നക്ഷത്രം എന്നീ കാര്യങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ ഒടി വിദ്യ ചെയ്യാൻ കഴിയുകയുള്ളു, അമാവാസി നാളുകളാണ് ഇതിനായി ഇവർ തിരഞ്ഞെടുക്കാറുള്ളത്, ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമേ ഓടിയന്മാർ അക്രമിക്കാറുള്ളു എന്നും കേട്ടു വരുന്നു
ഏകദേശം നാൽപതു വർഷങ്ങൾക്ക് മുൻപ് വരെ ഈ മിത്ത് നമുക്ക് ചുറ്റും നിലനിന്നിരുന്നു എന്നത് സത്യമാണ്. ഇന്നും ഒടിവിദ്യ സ്വായത്തമാക്കിയ അമ്പതോളം ആളുകൾ തമിഴ്‌നാട്ടിലുംകേരളത്തിലുമായി ഉണ്ടെന്ന് പറയപ്പെടുന്നു.
ഒടിയൻ എന്ന ഈ മിത്തിന് ശാസ്ത്രീയമായി യാതൊരു തെളിവുകളും ഇന്നേ വരെ ലഭിച്ചിട്ടില്ല. അന്ധവിശ്വാസങ്ങളും മുത്തശ്ശി കഥകളും വാണിരുന്ന പഴയ കാലത്തിന്റെ ഒരു തോന്നലോ അതല്ലെങ്കിൽ ശുദ്ധ നുണയോ ആയിരിക്കാം. ഇന്ന് കാണുന്ന കൊട്ടേഷൻ സങ്കങ്ങളുടെ പ്രാകൃത രൂപമാവാനും സാധ്യതയുണ്ട് പറഞ്ഞും അറിഞ്ഞും വായിച്ചും ഓടിയനെ കുറിച്ചുള്ള ലഭ്യമായ അറിവുകളാണിവയൊക്കെ , ഓടിയനെ ആസ്പദമാക്കി ഇപ്പോളിറങ്ങിയ ഒടിയൻ എന്ന മോഹൻലാൽ ചിത്രമാണ് ഈ മിത്തിനെ വീണ്ടും ചർച്ചാ വിഷയമാക്കിയത്.
കേട്ടതും അറിഞ്ഞതും സത്യമാണെങ്കിലും അല്ലെങ്കിലും ഒരു ജനതയുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒരു സങ്കല്പമാണ് ഒടിയനും ഓടിയനുമായി ബന്ധപ്പെട്ട കഥകളും ചരിത്രങ്ങളും .ഇരുളിൽ മറഞ്ഞിരുന്ന ഓടിയന്റെ നിഗൂഢത പോലെ തന്നെ അവ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഈ ചരിത്രാന്വേഷണവും ഇവിടെ അവസാനിപ്പിക്കുന്നു
- മിഷാൽ കൊച്ചുവർത്തമാനം -.

Comments