സമ്മാനപ്പൊതി




അന്ന് രാത്രി ആരും ഉറങ്ങിയില്ല , എന്തോ ആർക്കും ഉറക്കം വന്നില്ല , നിലത്തു മലർത്തിയിട്ട കിടക്കിയിലാണ് ഞാനും ഇത്തയും കിടക്കുന്നത് , കണ്ണുകൾ തുറന്ന് ഉറങ്ങാതെ എന്തൊക്കെയോ സ്വപ്നം കാണുകയായിരുന്നു ഇത്ത , കട്ടിലിൽ ഉമ്മയുടെ മാറോടൊട്ടി വിരല് കടിച്ചും കുടിച്ചും കുഞ്ഞനുജത്തി  കണ്ണ് തുറന്നു തന്നെയാണ്  കിടക്കുന്നതു , ഇരുട്ടുന്ടെയും നിശ്ശബ്ദതയുടെയും മറ നീക്കി ഉമ്മ ആരോടെന്നില്ലാതെ  പറയുന്നുണ്ടായിരുന്നു "പോക്കും വരവും തുടങ്ങീട്ട് കാലം കൊറെ ആയി , ഇന്നാണിപ്പോ സമാധാനത്തിലൊരു വർത്താനം കേട്ടത് " ആശ്വാസത്തിന്റെതാണെന്നു തോന്നുന്നു ദീർഘമായൊരു നെടുവീർപ്പിനൊടുവിൽ ജെസ്സിയുടെ മുതുകിൽ താളത്തിൽ തട്ടിക്കൊണ്ടു സ്ഥിരമായി മൂളാറുള്ള താരാട്ടും മൂളിക്കൊണ്ടു ഉറങ്ങാനൊരുങ്ങും മട്ടിൽ ഉമ്മ തിരിഞ്ഞു കിടന്നു   

ഉപ്പ പുതിയ വിസയിൽ പോയിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും ഇന്നാണ് ഫോൺ വന്നത് തൊട്ട വീട്ടിലെ ഫോണിൽ ഉപ്പയോട്‌ സംസാരിച്ചു വരുന്ന ഉമ്മയുടെ മുഖത്തേക്ക് ഞാനും സജിയും ചോദ്യഭാവത്തിൽ  തല ഉയർത്തി നോക്കി, രണ്ടു പേരുടെയും മുഖത്തു നോക്കാതെ ആരോടെന്നില്ലാതെ ഉമ്മ പറയുന്നുണ്ടായിരുന്നു

"ഇപ്പ്രാവശ്യം ഞമ്മള് രക്ഷപ്പെടുമെന്നാ തോന്നുന്നത് , സുഖമുള്ള പണിയാന്നാ പറഞ്ഞത് , ഇനിയെങ്കിലും സമധാനായിട്ടൊന്നു കഴിഞ്ഞൂടാൻ പറ്റിയാ മതിയാർന്നു,  ഒരു ബേഗിൽ എന്തൊക്കെയോ സാധനങ്ങൾ കൊടുത്തയച്ചിട്ടുണ്ടത്രെ ബഷീർക്കയുടെ അടുത്ത്  , അഞ്ചു മിനിറ്റുപോലും സംസാരിച്ചില്ല അപ്പഴേക്ക് ലെയ്ൻ കട്ടായി"

എന്തൊക്കെയാ  സാധനങ്ങൾ ..? എന്നാ കിട്ടാ ,,? അക്ഷമയോടെ ഞാനും ഇത്തയും ചോതിച്ചു
കേട്ടഭാവം നടിക്കാതെ ഉമ്മ അടുക്കളയിലേക്കു നടന്നു , ഒക്കത്തിരുന്നു ജെസി അപരിചിതരെ പോലെ ഞങ്ങളെ നോക്കി ഗമയിൽ ഇരുന്നു
പരസ്പരം നോക്കി ചിരിച്ച എന്റെയും ഇത്തയുടെയും കണ്ണിൽ നൂറ്റി പത്തു ബൾബ്മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.

അക്ഷമയുടെ നാളുകൾ , ....ഓരോ കാലൊച്ചയുടെ പുറകെയും ആകാംഷയോടെ ഞാനും ഇത്തയും , ഗേറ്റിന് മുന്നിൽ ഏതെങ്കിലും വണ്ടിയെങ്ങാൻ നിർത്തുന്നുണ്ടോ..? മുരടനക്കി പടി കടന്നു ആരെങ്കിലും നടന്നു വരുന്നുണ്ടോ..?കാത്തിരിപ്പ് ............................ആകാംഷ ........
എന്തായിരിക്കും ബാഗിൽ .......? പേന , പെൻസിൽ, ഫുട്ബാൾ , ബ്രേക്ക് ഗെയിം,ചോക്ലേറ്റ്, അതോ നിറയെ മുത്തുള്ളാ മിന്നുന്ന നീളൻ കുപ്പായങ്ങളോ ... അറബിക്കുട്ടികളുടെ കത്തുന്ന ഷൂസോ
ഒരു പിടിയുമില്ല .............കാത്തിരിപ്പ് ..............അക്ഷമ .....ആകാംഷ ........
ഒടുവിൽ അതു സംഭവിച്ചു .. മഞ്ഞയും കറുപ്പും നിറമുള്ള ഓട്ടോയിൽ ബഷീർക്ക  ആഗതനായി കറുത്ത കര മുണ്ടും സ്വർണ നിറമുള്ള ബക്കിൾ പിടിപ്പിച്ച വെളുത്ത ചെരിപ്പും, കടുപ്പത്തിൽ കറുപ്പിച്ച മീശയും, തിളങ്ങുന്ന തലയും.......
ഒരു കയ്യിൽ ട്രിപ്പിൾ 5 സിഗരറ്റിന്റെ കൂട് ലെയ്റ്ററിനോട് ചേർത്ത് പിടിച്ചിരിക്കുന്നു  , മറുകയ്യിൽ കയറ്റിപ്പിടിച്ച മുണ്ടിന്റെ കര ..
അപ്പൊ ബാഗ് .........? ചോദ്യഭാവത്തിൽ ഇത്ത എന്ടെ മുഖത്തേക്ക് നോക്കി
ഓട്ടോക്കകത്തു തലങ്ങും വിലങ്ങും പരതുകയായിരുന്നു എന്ടെ കണ്ണുകൾ .......
ഒടുവിലാ സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു , ഇല്ല..... പറയപ്പെടുന്ന ബാഗ് ഇയാളുടെ കയ്യിൽ ഇല്ല , അന്ന് കത്തിയ നൂറ്റിപ്പത്തു വോൾട്ട് ഒറ്റ നിമിഷം കൊണ്ടു കെട്ടടങ്ങിക്കരിഞ്ഞു, ചോര വറ്റിയ ഇത്തയുടെ മുഖം  , നിശബ്ദമായ നിമിഷങ്ങൾ ,എനിക്ക് തല കറങ്ങും പോലെ തോന്നി,കണ്ണിൽ ഇരുട്ട് ....തലയിൽ കനം , തൊണ്ട വരളുന്നു , കാലിടറുന്നു............................വിരിച്ചിട്ട കർട്ടൻടെ വള്ളിയിൽ തൂങ്ങി ഞാൻ നിർവികാരനായി നിന്നു.....
"ഇങ്ങട് വാ ......ആള് വലുതായല്ലോ ..ഞാൻ തിരിച്ച് പോവുമ്പോ എന്ടെ കൂടെ പൊന്നാളാ , ഉപ്പക്കൊരു കൂട്ടായല്ലോ "
ചുവന്ന മോണ കാട്ടി ബഷീർക്ക ഉറക്കെ ചിരിച്ചു
എനിക്കെന്തോ തീരെ ഇഷ്ടപ്പെട്ടില്ല കൈ ചുരുട്ടി മൊട്ടത്തലക്കിട്ടൊരു ഇടി കൊടുക്കാനാണ് തോന്നിയത് , എന്തോ ദൈവ കൃപ കൊണ്ട് അങ്ങനൊരു അത്യാഹിതം അവിടെ സംഭവിച്ചില്ല
പോകാൻ വേണ്ടി യാത്ര പറഞ്ഞിറങ്ങിയ ബഷീർക്ക എന്തോ ഓർത്തിട്ടെന്ന പോലെ തിരിച്ചു വന്നു ഷർട്ട് പൊക്കി അരയിൽ നിന്നും ചെറിയൊരു ബാഗെടുത്തു ഉമ്മാക്ക് നീട്ടി
ഞാനിതു മറന്നു ഇതിവിടെ തരാൻ വേണ്ടി പറഞ്ഞിരുന്നു..................
പൂർണമായും തകർന്നുപോയ എനിക്കും ഇത്താക്കും അതു വലിയൊരു ആശ്വാസമായി , ആഴിയുടെനിലയില്ലാ കയത്തിലേക്ക് മുങ്ങുന്നവന് കിട്ടുന്ന പിടി വള്ളി ...
തോളിൽ വലിയൊരു ബാഗും ഏറ്റിപ്പിടിച്ച് അവശതയോടെ പടി കടന്നു വരുന്ന  ബഷീർക്കയെയാണ് മനസ്സിൽ വരഞ്ഞിട്ടതെങ്കിലും  അരയിലെങ്കിലും ഒരു ബാഗ് തിരുകി വന്നല്ലോ.....

ചെറിയ ബാഗാണെങ്കിലും തുറന്നു നോക്കിയപ്പോൾ ശെരിക്കും കണ്ണു മിഴിച്ചു,   വല്ലാത്തൊരു മണം  ....ഉപ്പ നാട്ടിൽ വരുമ്പോൾ മാത്രം കൂടെ വരുന്നൊരു മണം..................
തിളങ്ങുന്ന പേന , മുന മാറ്റി ഇടുന്ന പെൻസിൽ ,കട്ടർ , ഹീറോ പെൻ , മുല്ലപ്പൂ അത്തർ , കുഞ്ഞു സ്പൈഡർ മാൻ , പാവ , ബലൂൺ, മുട്ടായി, കളർ ടാപ് ...അങ്ങനെയങ്ങനെ
ആ മണം മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട് , ജീവിതത്തിൽ മുഴുവനും സുഗന്ധം നൽകിക്കൊണ്ട് ഉപ്പ പിരിഞ്ഞു പോയി, മനസ്സും മണവും നിറച്ച സമ്മാനപ്പൊതി തന്ന ഉപ്പയെ ഓർത്ത് കണ്ണും കരളും കരയുന്നു ... തളരുന്നു .........

- മിഷാൽ കൊച്ചുവർത്തമാനം -


Comments