അന്ത്യാഭിലാഷം



ഒരു മയിൽ പീലി ഞാൻ തരാം
കരളിന്റെ പുസ്തകത്താളിൽ നിനക്ക് മൂടിവെക്കാൻ

ആയിരത്തൊന്ന് രാവുകളുടെ മൃതികൾക്കപ്പുറം
നീയത് തുറന്ന് നോക്കുക
പെറ്റുപെരുകിയ ആയിരം മയിൽ പീലികൾ
നിന്നെ നോക്കി മന്ദഹസിക്കുന്നുണ്ടാവും

അതിൽ ഒരു മയിൽ പീലി നീ എനിക്കായ് മാറ്റി വെക്കുക
ദളങ്ങൾ ക്ഷയിച്ച, വർണം വറ്റിയൊരമ്മപ്പീലി.

അന്നെന്റെ ഹൃദയം മരിക്കാനൊരുങ്ങിയിരിക്കും,
കണ്ണുകളും.....

കവിളിന്നരുണിമയെൻ ചുണ്ടോട് ചേർക്കുക
നീ തന്ന ചുംബനങ്ങളുടെ കടം തീർക്കണം

രക്തച്ഛവി തിരളും മിഴികളിൽ നിന്നൊരിറ്റു   കണ്ണീർ
വേണമെന്നില്ല ..കണ്ണീര് കൊണ്ടെന്റെ കരളു പൊള്ളും  ...........


കഴിയുമെങ്കിൽ പാനപാത്രമൊന്ന്-
ചുണ്ടോടടുപ്പിച്ചു തരുക
അതൊരു ചടങ്ങാണ് , അവകാശവും...
ഒടുക്കലത്തെ അവകാശം ....

മണ്ണിട്ട് മൂടിയെൻ ഓർമകൾക്ക് മേൽ ആ മയിൽ പീലി
നീ ഉപേക്ഷിക്കുക
ഞാനൊരുക്കിയ പുഷ്പ പാതയിലൂടെ 
പിന്തിരിഞ്ഞു നോക്കാതെ എന്നിൽ നിന്നും നടന്നകലുക

ഇതാണിന്നെന്റെ അഭിലാഷം ...അന്ത്യാഭിലാഷം ...

-മിഷാൽ കൊച്ചുവർത്തമാനം -


Comments