കുഞ്ഞീലി
ഞാൻ കണ്ടു തുടങ്ങിയ നാൾ മുതൽ കുഞ്ഞീലി ഇതുപോലെ തന്നെയാണ് ഒരു മാറ്റവും
ഇല്ല ....
പ്രായം പത്തെൺപതു
കഴിഞ്ഞിരിക്കും, അലക്കി തേഞ്ഞ ഒറ്റമുണ്ട് മുട്ടോളം, വലിയ കോന്തല കെട്ടി അതിൽ നിറം മങ്ങിയ കണ്ണൻ ദേവൻ
കവറിൽ നിറയെ മുറുക്കാൻ , തോളിൽ ചളി പിടിച്ച തോർത്തിന്ടെ കഷ്ണം , കറുത്ത് ചുളിഞ്ഞ്
തൂങ്ങിയ ശരീരം , ഒടിഞ്ഞു തൂങ്ങി അവശമായി പള്ളയിൽ ഒട്ടിക്കിടക്കുന്ന മുലകൾ, മുറുക്കി ചുവന്ന തേഞ്ഞ
പല്ലുകൾ , ചിറിയുടെ രണ്ടറ്റവും
വെളുത്തു കീറിയ പാടുകൾ , തുറിച്ച് പാതിയടഞ്ഞ കണ്ണുകൾ , ചറ പറ പാറുന്ന കറുപ്പും വെളുപ്പും കലർന്ന മുടിയിൽ
മഞ്ഞളിന്ടെ നിറം , തള്ള വിരലിൽ ഊന്നി ഉപ്പൂറ്റി പൊക്കി ചാടി ചാടി നടക്കുന്ന കുഞ്ഞീലിത്തള്ള ഞങ്ങൾ കുട്ടികൾക്ക് ഒരു ഭീതി തന്നെയായിരുന്നു
കുഞ്ഞീലിടെ പല്ല്
കണ്ടോ ഓള് കുട്ട്യോളെ ഒറ്റക്ക് കിട്ടിയാ കടിച്ചു തിന്നുത്രേ .......
കുന്നുമ്പൊറത്തെ ചുടല
കാട്ടിലാത്രേ ഓളെ അന്തിയുറക്കം ........
ഒറ്റക്കു കിട്ടിയാൽ
ഒന്നും രണ്ടും പറഞ്ഞു കുട്ടികളെ പിടിച്ചു കൊണ്ടുപോയി കൊല്ലുമത്രെ ............
ചോര കുടിക്കുന്ന യക്ഷിയായതോണ്ടാത്രേ
ഇങ്ങനെ ചാടി ചാടി നടക്കുന്നത് ....
ഇങ്ങനെ പോകുന്നു കുട്ടികൾക്കിടയിലെ
കുഞ്ഞീലിയെക്കുറിച്ചുള്ള ഭീകര ചരിത്രം
ഇരുണ്ട കാട് പോലെ
തോന്നിക്കുന്ന ഇടതൂർന്ന വൃക്ഷങ്ങൾക്കിടയിലൂടെ
വെട്ടിയ ചെമ്മൺ പാതയിലൂടെ വേണം സ്കൂളിലെത്താൻ ,കൂമനും , ചെമ്പോത്തും, മയിലും പതിയിരുന്നു കൂട്ടത്തോടെ മൂളിക്കൊണ്ടിരിക്കുന്ന ചാത്തമ്മാരെ തൊടി തൊട്ട് കുന്നിറങ്ങി പാടം കാണുന്നത്
വരെ സ്കൂളിലേക്ക് പോകുമ്പോൾ ആദിയാണ് , നിറയെ വള്ളികളുള്ള തടിച്ച മരങ്ങളും , ഇരുട്ടും , വല്ലാത്ത ശാന്തതയും
....
അവിടം കഴിയുന്നത്
വരെ സഞ്ചിയും അടക്കിപ്പിടിച്ച് കണ്ണും പൂട്ടി ഒരു കൂട്ടയോട്ടമാണ്, കഞ്ഞിപ്പാത്രത്തിനകത്ത്
കട പട ശബ്ദത്തിൽ കിലുങ്ങുന്ന കയിലിന്ടെ സ്വരവും, പെൺ കുട്ടികളുടെ കാലിൽ കിലുങ്ങുന്ന വെള്ളികൊലുസിന്റെ
സ്വരവും
മാത്രം കാതിൽ കേൾക്കാം , കുന്നിറങ്ങിയാൽ ഞാൻ വെറുതെയൊന്നു തിരിഞ്ഞ് നോക്കും , തള്ളവിരലിൽ ഊന്നിക്കൊണ്ട്
കുഞ്ഞീലി ആടിയാടി നിൽക്കുന്നുണ്ടാവും, കീറിയ ചിറി കോട്ടി കുഞ്ഞീലി തറപ്പിച്ച് നോക്കും
,പിന്നെയൊന്നു ചിരിക്കാൻ
ശ്രമിക്കും
"ഒരു കാലണ തരോ മാപ്ല കുട്ട്യെ ........"?
പേടിയോടെ ഞാൻ തിരിഞ്ഞോടി
കൂട്ടുകാരുടെ അടുത്തെത്തും.
വെള്ളിയാഴ്ച തേനുണ്ടയും, കോലൈസും വാങ്ങാൻ അനുവദിച്ചു തരുന്ന ഒരു ഉർപ്യയിൽ നിന്ന്
മിച്ചം വെച്ച കാലണ കുപ്പായക്കീശയിൽ കുഞ്ഞീലിത്തള്ളക്ക് വേണ്ടി കരുതി വെക്കാറുണ്ടായിരുന്നു , ഓടി കുന്നിറങ്ങി തിരിഞ്ഞ്
നോക്കുമ്പോൾ അന്നും കുഞ്ഞീലി ചോദിക്കും
ഒരു കാലണ തരോ മാപ്ല
കുട്ട്യെ ........?
കുപ്പായക്കീശയിൽ കരുതി
വെച്ച കാലണ ഞാൻ ഉരുട്ടി താഴേക്കെറിഞ്ഞു കൊടുക്കും , ആടിയ പല്ല് കാട്ടി കുഞ്ഞീലി വെളുക്കെ ചിരിക്കും
കാലം കുറെ കഴിഞ്ഞു, മാറ്റങ്ങൾ ആവോളം വന്നു
, നിറഞ്ഞു നിന്നിരുന്ന
വൃക്ഷങ്ങൾ ഒന്നില്ലാതെ വെട്ടിനിരത്തി ,ചെമ്മൺ പാത മുഴുവൻ കറുത്ത ടാർ കൊണ്ട് മൂടിപ്പൊതിഞ്ഞു
,പച്ചപ്പാടം മിക്കതും
മൂടി കെട്ടിടങ്ങൾ പണിതു, കൂമനെയോ,മയിലിനെയോ ,ചെമ്പോത്തിനെയോ ഇപ്പോൾ കാണാറില്ല ,
എവിടെപ്പോയതായിരിക്കും................................?
കഴിഞ്ഞ അവധിക്ക് നാട്ടിൽ
വന്നപ്പോൾ വായനശാലയിൽ ക്യാരംസ് തട്ടുന്നതിനിടയിൽ വെറുതെ ചോതിച്ചു ..
അല്ല .. നമ്മടെ കുഞ്ഞീലി
തള്ളയുടെ വിവരമെന്താ ....?
കുഞ്ഞീലിയൊ ....?
ഹാ .... അതെ , നമ്മടെ പഴയ
....................
അല്ല മോയന്തേ ഇജീ
ലൊകത്തൊന്നുമല്ലെ ... ഒളൊക്കെ ചത്തിട്ട് കൊല്ലം നാലഞ്ചായി ക്യാരംസ് തട്ടുന്നത് നിർത്തി
നീണ്ട താടിയിൽ തടവി നാട്ടിലെ പ്രധാന ജ്ഞാനി ദേഷ്യത്തോടെ പറഞ്ഞു .....
മരിച്ചോ .... കുഞ്ഞീലി
മരിച്ചോ ...
ഹാ ചത്തു .....
വല്ലാത്ത വ്യസനം തോന്നി , ഒരുപാട് സുഖമുള്ള ഓർമകൾക്ക് മേൽ മണ്ണിട്ട് മൂടിയ പോലെ,
കാലം കറങ്ങുന്നത് ഓർമ്മകൾ
കൂട്ടി വെക്കാൻ മാത്രമാണോ ..?വർത്തമാന കാലം എത്രപെട്ടെന്നാണ് ഓർമയുടെ ആലസ്യത്തിലേക്ക് മയങ്ങാൻ
പോവുന്നത് , ഓർമ്മകൾ മാത്രമാണ് ശാശ്വതം മറ്റെല്ലാം നൈമിഷികം ,കുഞ്ഞീലിത്തള്ളയുടെ വാടിയ മുഖം മനസ്സിൽ തെളിഞ്ഞു
നിൽക്കുന്നുണ്ട് ,
കുപ്പായക്കീശയിൽ കരുതി
വെച്ച കാലണത്തുട്ട് ഓടയിലേക്കെറിഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിഞ്ഞു നടന്നു ,ഒരായിരം കഞ്ഞിപ്പാത്ത്രങ്ങളുടെയും
വെള്ളിക്കൊലുസുകളുടെയും കൂട്ടത്തോടെയുള്ള കിലു
കിലാ ശബ്ദം എന്റെ കാതുകളിൽ ഇരമ്പിക്കൊണ്ടിരുന്നു
പ്രിയപ്പെട്ട കുഞ്ഞീലിത്തള്ളക്ക്
എന്റെ ഇഷ്ടം.......
-മിഷാൽ കൊച്ചുവർത്തമാനം-

Comments
Post a Comment