സർപ്പം തുള്ളൽ







കലകൊണ്ട് സമൃദ്ധമാണ് കേരളം , അതിനാൽത്തന്നെ കേരളത്തിലെ ആരാധനകൾക്കും കലയുമായി ഇഴപിരിയാത്ത ബന്ധമാണുള്ളത് .മനുഷ്യന്റെ ദൈവ സങ്കല്പത്തോളം തന്നെ പഴക്കമുള്ളതാണ് നാഗാരാധന, ''സർപ്പം തുള്ളൽ' എന്ന നാമത്തിലും ഇതറിയപ്പെടുന്നു  . ഹിന്ദു പുരാണങ്ങളായ മഹാഭാരതത്തിലും , വിഷ്ണു പുരാണത്തിലും നാഗങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട് . നാഗാരാധന കേരളത്തിൽ പുരാതന കാലം മുതൽ ആരംഭിച്ചതാണ് , പുള്ളുവ സമുദായത്തിൽ പെട്ടവരാണ് ഈ ആരാധന കാലങ്ങളായി നടത്തിവരുന്നത് , തമിഴ് ദ്രാവിഡരുടെ പിന്മുറക്കാരായാണ് പുള്ളുവരെ കണക്കാക്കുന്നത്, സ്വയം നാഗത്തിനായ് അർപ്പിച്ചവരാണ് പുള്ളുവർ .  സാധാരണയായി ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും സന്താന സൗഭാഗ്യത്തിനും വേണ്ടിയാണ് ഈ സർപ്പാരാധന  നടത്തി വരുന്നത് , കലയും വിശ്വാസവും നിറഞ്ഞു നിൽക്കുന്ന നാഗ പൂജ  ഏറെ ചിലവേറിയതാണ്. അതുകൊണ്ടൊക്കെയാവാം  ഈ ആരാധന കേരളത്തിൽ ഇന്ന് ക്രമേണ കാണാ കാഴ്ചയായിക്കൊണ്ടിരിക്കുക്കുകയാണ്  ,തനതു സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഈ ആരാധന  വേണ്ടവിധം അർഹമായ പ്രാധാന്യത്തോടെ ചരിത്രത്തിൽ രേഖപ്പെട്ടിട്ടില്ല എന്നതും യാഥാർഥ്യമാണ്.
നാഗക്കളം
സർപ്പം തുള്ളലിൽ ഏറെ പ്രാധാന്യമുള്ളതാണ് നാഗക്കളം, കളം വരക്കൽ അത്യന്തം കലാപരമായ ഒരു പ്രവർത്തിയാണ് , ജാഗ്രതയും ഏകാഗ്രതയും ഇതിനായി കലാകാരൻ സ്വായത്തമാക്കേണ്ടതുണ്ട്, ഇതിന്ടെ ആദ്യഘട്ടം അനുയോജ്യമായ സ്ഥലം നിർണയിച്ചു നിലമൊരുക്കി പുറ്റുമണ്ണ് മെഴുകി, ചകിരിക്കരി വിരിച്ച്  കല്ലുകൊണ്ട് ഉരച്ചു മിനുസപ്പെടുത്തി പന്തലിടുക എന്നതാണ്.തെങ്ങില ,ആലില , പൂക്കുല, തെച്ചി, പിച്ചകം ,ചെമ്മന്തി,ആമ്പൽ   എന്നിവകൊണ്ട് മേലാപ്പ് ചാർത്തി പന്തൽ അലങ്കരിക്കുന്നു .വിതാനം ചെയ്യുക എന്നറിയപ്പെടുന്ന ഈ അലങ്കാരത്തിന് ശേഷമാണ് നാഗക്കളം ഒരുക്കുന്നത് ഇതിനായി പ്രകൃതി ദത്തമായ പഞ്ചവർണപ്പൊടികളാണ് ഉപയോഗിച്ചുവരുന്നത് . അരിപ്പൊടി, മഞ്ഞൾപ്പൊടി , വാകയില പൊടിച്ചത് , ഉമിക്കരി, സിന്ദൂരം എന്നിവയാണ് സാധാരണയായി ഉപയോഗിച്ച് വരുന്നത്. പിന്നീട് ഈ നിറങ്ങൾ കൈ കൊണ്ടും, തുളയിട്ട ചിരട്ട കൊണ്ടും  കളം നിറക്കുന്നു . ഏറെ വൈദഗ്ത്യം ആവശ്യമായ ഈ ജോലി നിരന്തര പരിശീലനത്തിലൂടെയാണ് ഓരോ പുള്ളുവനും പുള്ളുവത്തിയും സ്വായത്തമാക്കുന്നത് .നാഗദൈവങ്ങളുടെ രൂപങ്ങളാണ് സർപ്പക്കളങ്ങളിൽ വർണങ്ങൾ കൊണ്ട് തീർക്കുന്നത് , അഷ്ട നാഗങ്ങളെയാണ് ഇതിനായി സാധാരണ പരിഗണിക്കാറുള്ളത് . നാഗക്കളം , ഭൂത കളം, സന്താനക്കളം എന്നീ മൂന്ന് കളങ്ങളാണ് പ്രധാനമായിട്ടുമുള്ളത്. കളം വരച്ചു ചുറ്റിനും നിലവിളക്കു കൊളുത്തിയാൽ നാഗക്കളം ഏറെ കുറെ പൂർത്തിയായെന്ന് സാരം.

കളത്തിക്കമ്മൾ(കർമി )
സർപ്പക്കളത്തിന് നേതൃത്വം കൊടുക്കുകയും , സമാന്തര പൂജകൾ നടത്തുകയും ചെയ്യുന്ന വിശ്വാസിയെയാണ് ''കളത്തിക്കമ്മൾ'' എന്ന് വിളിക്കുന്നത് , ചിട്ടയായ ഉപവാസവും മറ്റു അനുഷ്ടാന ചടങ്ങുകൾക്കും ശേഷമാണ് കർമി ഇതിനായി താറുടുത്തു കളത്തിലിറങ്ങുന്നത് , സാധാരണയായി കുടുംബത്തിലെ ആരോഗ്യമുള്ള മുതിർന്ന വ്യക്തിയാണ് ഈ പദവി ഏറ്റെടുക്കുന്നത്.
കളത്തിക്കമ്മളെ ......................കളത്തില്ക്  അരീം പുഷ്‌പോം  ഇട്ട് തൊഴുതിട്ട്  പൂജയ്ക്കിരിക്ക....... കലത്തിന്, മുറത്തിന്, താലത്തിന്, പാൽകിണ്ടിക്ക് എല്ലാത്തിനും കൂടി സങ്കല്പിച്ഛ് മൂന്ന് പ്രാവശ്യം പഞ്ചാർച്ചന പൂജ കഴിക്കുക. അത് കഴിഞ്ഞാൽ മുറത്തിൽ മൂന്ന് ചെറുതിരി കത്തിച്ചു വെക്കാ ...വെള്ളം കൊണ്ട് വളച്ചു അരീം പുഷ്പവും കൊടുത്തിരിക്കാ ...കയ്യ് പിണച്ഛ് മുറം തിരിച്ചു പിടിക്കുക , മൂന്നു പ്രദക്ഷിണം കാറ്റുഴിയാ....  പിന്നെ അമർന്നുഴിയാ... പിന്നെ പയറ്റി ചവിട്ടി ഉഴിയാ ......
പുള്ളുവന്ടെ താളത്തിലുള്ള ഇത്തരം വായ്ത്താരികൾക്ക്  ചുവടുപിടിച്ചാണ് കർമി പൂജകൾ ചെയ്തു തീർക്കുന്നത് .ഗണപതി പൂജയും, കളംപൂജയും കളത്തിക്കമ്മൾ നിറഞ്ഞ ഭക്തിയോടെ പൂർത്തിയാക്കിയതിന് ശേഷമാണ് പുള്ളുവൻ നാഗ ദൈവങ്ങളെ പാടി കളത്തിലേക്ക് ആവാഹിക്കുന്നത് .

സർപ്പം തുള്ളൽ
സ്ത്രീകളാണ് സാധാരണയായി സർപ്പ ചൈതന്യം ശരീരത്തിൽ ആവാഹിച്ചു നാഗ നൃത്തം ആടി കളം മായ്കുന്നത് , ഇതിനായി കുടുംബത്തിലെ തന്നെ മുതിർന്ന സ്ത്രീകളോ കന്യകളോ പൂക്കുല കയ്യിലേന്തി കളത്തിനൊത്ത നടുക്കായി ഇരിക്കുന്നു, ഒരു കളത്തിൽ രണ്ടും. മൂന്നുകളങ്ങളിലായി ആറുവരെ സ്ത്രീകളും  സാധാരണ ഇരിക്കാറുണ്ട്, ഒരു മുതിർന്ന സ്ത്രീയുടെ കൂടെ ഒരു കന്യക എന്ന അനുപാതത്തിലാണ് ഇത് ക്രമപ്പെടുത്തിയിരിക്കുന്നത് 
പുള്ളുവ കുടം , നാഗ വീണ(രുദ്ര വീണ ), കുഴിത്താളം എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് പുള്ളുവ സംഘം  പതിഞ്ഞ ഈണത്തിൽ ദൈവ സ്തുതികൾ പാടിത്തുടങ്ങുകയും കാലക്രമേണ പാട്ടിന്റെ താളവും സ്വരവും ഉയർന്നുവരികയും കളത്തിലിരിക്കുന്ന കന്യകകൾ പൂക്കുലകൊണ്ട് നിലമുഴിഞ്ഞു കളം മായ്ക്കുകയും ചെയ്യുന്നു, നാഗ ദൈവങ്ങൾ സ്ത്രീകളുടെ ശരീരത്തിൽ പ്രവേശിക്കുകയും, സ്വയം മറന്നാടുകയാണുമെന്നാണ് വിശ്വാസം , മണി നാഗം, കരി നാഗം , എരി നാഗം, കുഴി നാഗം , പറ നാഗം , അഞ്ജന മാണി നാഗം , കന്യാവ്  എന്നീ നാഗങ്ങളാണ് സാധാരണയായി കളത്തിൽ നാഗ ചൈതന്യം നിറക്കുന്നത് , പാട്ടിനൊത്തു തുള്ളി കളം മുഴുവനും മായ്ച്ച നാഗത്തിനോട് പുള്ളുവൻ പാട്ടു നിർത്തി കളം കൊണ്ട നാഗ ദൈവത്തിന്റെ നാമം ചോദിക്കുകയും , ചെയ്ത കർമങ്ങൾ  തൃപ്തിയായോ എന്നാരായുകയും ചെയ്യുന്നു. തൃപ്തിയായെങ്കിൽ ഇളനീർ വെള്ളം കൊടുത്തു പറഞ്ഞയക്കുകയും , തൃപ്‌തി ആകാത്ത മുറക്ക് വേണ്ട പ്രതിവിധികൾ ചോദിച്ച് നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു . ഭക്തി നിർഭരമായ ഈ നാഗ പൂജക്ക് ശേഷം കുടുംബത്തിൽ സമാധാനവും ഐശ്വര്യവും , ദൈവ ചൈതന്യവും നിറഞ്ഞു നിൽകുമെന്നാണ് വിശ്വാസം ,
കലയുടെ ചുവടു പിടിച്ച  ശക്തമായ ഇത്തരം വിശ്വാസാചാരങ്ങൾ നമുക്ക് അന്യം നിന്ന് തുടങ്ങിയിട്ടുണ്ടോ എന്ന ആകുലതയുടെ ചോദ്യം വായനക്കാർക്ക് നൽകിക്കൊണ്ട് എന്റെ ചുരുങ്ങിയ അറിവിലുള്ള ഈ ചെറുവിവരണം ഇവിടെ അവസാനിപ്പിക്കുന്നു

-മിഷാൽ കൊച്ചുവർത്തമാനം -       
 
 

Comments