ചിതയൊരുക്കം


ചുവന്ന നൂലിൽ തുന്നിയ പട്ടു പാവാടയും നിറയെ പുള്ളിയുള്ള മിന്നുന്ന ജമ്പറുമിട്ട് അമ്മയുടെ മടിയിൽ അവൾ ചാരിയിരുന്നു, കത്തിച്ചു വെച്ച നിലവിളക്കിനു താഴെ വെട്ടിയ വാഴയിലയിൽ നെടുകെ കിടത്തിയ അച്ഛൻ മരിച്ചതാണെന്ന് അവളറിഞ്ഞതേയില്ല...
വല്ലാതെ തണുപ്പുള്ള പുലർച്ചകളിൽ ചിലപ്പോഴൊക്കെ അച്ഛനിത് പതിവുള്ളതാണ് ശരീരം മുഴുവനും മൂടി അവളെയും കെട്ടിപ്പിടിച്ച് ഒറ്റക്കിടപ്പാണ് , എത്ര തന്നെ കുതറി മാറാൻ ശ്രമിച്ചാലും പിടി വിടാൻ കൂട്ടാക്കാറില്ല , ചിണുങ്ങിച്ചിണുങ്ങി പരിഭവക്കരച്ചിലൊതുക്കി അച്ഛന്റെ ചൂടിൽ അറിയാതെ തളർന്നുറങ്ങാറാണ് പതിവ്
ചിമ്മിനി വിളക്കും കത്തിച്ച് അച്ഛൻ തറയിൽ കിടന്നുറങ്ങുകയാണെന്നാണവള് കരുതിയത് , അതോ എന്തെങ്കിലും ദീനം വന്നതോ ...? ഇങ്ങനെ മിണ്ടാതെ കിടക്കാറ് പതിവില്ലാത്തതാണല്ലോ ........
ചുറ്റും ആളുകൾ കൂടിയിരിക്കുന്നതെന്തിനാണെന്ന് ഒരു പിടിയും കിട്ടുന്നില്ല, പാതിയടഞ്ഞ കണ്ണുകളോടെ ചിലരെങ്കിലും അവളെയാണ് നോക്കി കൊണ്ടിരിക്കുന്നത് , അവൾക്കൊന്നും മനസ്സിലായില്ല അച്ഛൻ തന്ന ചിരിക്കുന്ന പാവ പാവാടക്കടിയിൽ ഒളിപ്പിച്ച്‌ അവളമ്മയുടെ തളർന്ന കയ്യിൽ ചാരിയിരുന്നു,നിറയെ ആളുകളെ കാണുന്നതവൾക്കിഷ്ടമാണ്, നിറയെ ആളുകൾ തിങ്ങി നിറയുന്ന ഗ്രാമോത്സവങ്ങൾ അവളച്ഛന്ടെ തോളിലിരുന്നൊരുപാട് കണ്ടിട്ടുള്ളതാണ്.
വിടർന്ന കണ്ണുകളാൽ അവൾ ചുറ്റിലും പരതി നോക്കി , മുറ്റത്തു താളത്തിലും നിരയായും അടുക്കിവച്ച വിറക് കൂനയിൽ കൗതുക്കത്തോടെ അവൾ കുറെയേറെ നോക്കിയിരുന്നു , ആരൊക്കെയോ ചേർന്ന് നിരയൊത്ത് അടുക്കിവെക്കുന്ന വിറകു പാളികൾ ഒരു കുഞ്ഞു കളിവീട് പോലെ തോന്നി , പച്ച വിറകിന്റെ ചവർപ്പുള്ള മണം കർപ്പൂരപ്പുകയിൽ കലർന്നൊഴുകി അവിടമാകെ പരന്നിരുന്നു , തൊട്ട വീട്ടിലെ അയ്ഷയും അവളും പല കുറി ശ്രമിച്ചതാണ് ഒരു കളിവീട് തീർക്കാൻ, വളരെ ശ്രമപ്പെട്ട പണിയാണ്, ശീമക്കൊന്നയുടെ തണ്ടും, ഓലയും ചേർത്ത് നാലു കാലുകൾ മണ്ണിൽ കുത്തിനിർത്തി ശ്രദ്ധയോടെ പണിയണം എത്രയൊക്കെ ശ്രമിച്ചാലും പണിതീരും മുമ്പേ കാലിളകി താഴെ വീഴാറാണ് പതിവ്,
"നമ്മള് കുട്യോളല്ലേ ...വല്യേ ആളുകൾക്കെ കളി വീടുണ്ടാക്കാൻ കഴിയൂ" എന്നാണ് ദുഃഖത്തോടെ അന്നായിശ പറഞ്ഞത് ,
വലുതാവുമ്പോ എങ്ങനെയാണാവോ കളിവീടുണ്ടാക്കാൻ അറിയുന്നത് ,അറിഞ്ഞുട്ടുമെന്താണാവോ മുതിർന്നവരൊന്നും കളിവീടുണ്ടാക്കാത്തത് ....?
പിന്നെയൊരിക്കൽ അച്ഛനാണ് ഒരു കളിവീടുണ്ടാക്കിക്കൊടുത്തത് ഓലമെടഞ്ഞു മേഞ്ഞ സുന്ദരൻ വീട്, ചുവന്ന ഞൊറിയുള്ള റിബ്ബൺ കൊണ്ട് അവളതിന്ടെ മുൻവശം അലങ്കരിച്ചു , നിറമുള്ള പൂക്കൾ കൊണ്ട് തോരണങ്ങൾ തൂക്കിയത് ആയിഷയായിരുന്നു അന്നോളം അവളും അയ്ഷയും കണ്ട ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു ഓലമേഞ്ഞ ആ കളി വീട്......
പക്ഷേ ഇതിപ്പോ അതിലും എത്രയോ കേമമായിരിക്കുന്നു , വിറകുകൾ ചേർത്തു വെച്ച് കളിവീടൊരുക്കാമെന്ന പുതിയ കാര്യം അവളിന്നാണറിയുന്നത്, ആയിശക്കറിയുമോ എന്തോ .......? അറിയാൻ തരമില്ല അവളും കുട്ടിയല്ലേ .................
കാലിൽ അയഞ്ഞു കിടക്കുന്ന വെള്ളിക്കൊലുസിനുള്ളിലൂടെ ചൂണ്ടുവിരൽ തിരുകി ആരൊക്കെയോ ചേർന്ന് വിറകടുക്കുന്നതും നോക്കി അവളെങ്ങനെയിരുന്നു
പൊടുന്നനെയാണ് തൊടിയിലെ തടിയൻ മാവിൽ കൂടുകൂട്ടിയ കുഞ്ഞിക്കുരുവിയെയും കുഞ്ഞുങ്ങളെയും കുറിച്ചോർത്തത്, ഉറക്കമെണീറ്റാൽ നേരെ മാവിൻ ചോട്ടിലേക്കാണ് പോവാറ് , ഇന്നതിന് തരപ്പെട്ടിട്ടില്ല, അവളുടെ പാദസര കിലുക്കം അകലെനിന്ന് കേൾക്കുമ്പഴേ കുഞ്ഞിക്കുരുവികൾ തലപുറത്തേക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ശിരസ്സ് വെട്ടിച്ച് അവളെ നോക്കുന്നത് കാണാൻ നല്ല രസമാണ്, കുഞ്ഞിക്കിളികൾ എന്തൊക്കെയോ ചലപില നിർത്താതെ ചിലക്കുന്നതും നോക്കി തല ഉയർത്തി അവളെങ്ങനെ ഒറ്റ നിൽപ്പാണ് , അമ്മയുടെ നീട്ടിയുള്ള പിൻ വിളി വരുന്നത് വരെ കുഞ്ഞിക്കിളികളോട് കിന്നാരം പറഞ്‍ അവളങ്ങനെ നിൽക്കും .
അമ്മെ .............
കുഞ്ഞിക്കിളികൾക്കെന്നാ ചിറക് മുളക്കുന്നേ ..... ?
ചിറക് മുളച്ചാൽ പിന്നെ എവിടെയെങ്കിലും പാറിപ്പോവോ ....?
കുഞ്ഞിക്കിളികൾക്കാരാ വാലിട്ട് കണ്ണെഴുതിക്കൊടുക്കുന്നത് ..?
എന്നും രാവിലെ അമ്മക്കിളി എങ്ങോട്ടാ പോവുന്നെ ..?
കുഞ്ഞിക്കിളികളും വലുതായാൽ സ്കൂളിൽ പോവോ...?
എല്ലാ ചോദ്യങ്ങൾക്കും കൂടി അമ്മ കനപ്പിച്ചൊന്നു മൂളാറാണ് പതിവ്.......പിന്നെ അവളൊന്നും ചോദിക്കാറില്ല
പിന്നേം ചോദിച്ചാൽ അമ്മക്ക് ദേഷ്യം വരും ......
മുതിർന്നവർക്കൊക്കെ ദേഷ്യമാണ് ...അച്ഛനൊഴികെ എല്ലാർക്കും എപ്പഴും ദേഷ്യമാണ് ....വലിയ ആളുകളായതിന്ടെ ഗമയാണ്‌ .........
കുഞ്ഞിക്കിളികളെ കാണാനുള്ള തള്ളി വന്ന ആവേശത്തോടെ അമ്മയുടെ മടിയിൽ നിന്നും കുതിച്ചു ചാടി മുറ്റവും കടന്ന് തൊടിയിലേക്കവൾ കുതിച്ചോടി, ചിതറിക്കിടക്കുന്ന പച്ചിലകൾക്കിടയിലൂടെ പാഞ്ഞു , പാദസരങ്ങൾ വെത്തപ്പെട്ട് കുലുങ്ങിച്ചിരിച്ചു, ചിരിക്കുന്ന പാവ കയ്യിൽ നിന്നും തെറിച്ച് പോയതവളറിഞ്ഞിരുന്നില്ല, പണ്ടുണ്ടാക്കിയ കളിവീടിൻടെ ഓലയിൽ കുരുങ്ങിയ പാവ കണ്ണ് ചിമ്മാതെ അവളെ നോക്കിചിരിച്ചുകൊണ്ടേയിരുന്നു, കാറ്റടിച്ച് കണ്ണ് കലങ്ങി ,ചുവന്ന കാലുകൾ വെട്ടിയ കമ്പു കൊണ്ട് നെടുകെ മുറിഞ്ഞു , കുഞ്ഞിക്കിളികൾ പാർക്കുന്ന തടിയൻ മാവിന്റെ മുന്നിലെത്തിയാണവൾ ഓട്ടം നിർത്തിയത്,
കണ്ണിമവെട്ടാതെ അവൾ സ്തംഭിച്ചു നിന്നു , അടങ്ങാത്തത്ഭുതത്തോടെ അവൾ വീണ്ടും വീണ്ടും കുഞ്ഞിക്കണ്ണുകൾ മിഴിച്ച് നോക്കി ,
ആരാണീ കടും പാതകം ചെയ്തത് ................? അടങ്ങാത്ത വേദനയോടെ അവൾ ചുറ്റിലും പരതി
കുഞ്ഞിക്കിളികൾ പാർത്തിരുന്ന തടിയൻ മാവ് ആരോ വെട്ടിയിരിക്കുന്നു , മണ്ണിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന മാവിന്റെ വെട്ടിയ കടയിൽ നിന്നും രക്തംപോലെ മരക്കറയൊഴുകി മണ്ണിൽ കലർന്നു,
പച്ചമരത്തിന്ടെയും കർപൂരത്തിന്ടെയും മണം...................
മരത്തിന്റെ നിണമോ ...അതോ നീർതുള്ളിയോ .......
ഹൃദയം തേങ്ങി .....തീവ്രമായ തേങ്ങലുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടി ഇല്ലാതെയായി , വ്രണിത ഹൃദയം അശ്രു പെയ്തു
ആരാണീ കടും പാതകം ചെയ്തത് ................?
തിങ്ങി വന്ന തേങ്ങൽ കരംകൊണ്ടൊതുക്കി ചുറ്റിലുമവൾ കണ്ണോടിച്ചു , പുറകിൽ കൂട്ടിയിട്ട ചുള്ളികൾക്ക് മുകളിൽ അമ്മക്കിളി അരപ്രാണനായ് അവളെ നോക്കിയിരിപ്പുണ്ട് , കിളിയുടെ പുകമൂടിയ കണ്ണുകളിൽ കടിച്ചമർത്തിയ വേദനയുടെ കടലിരമ്പുന്നുണ്ടോ .....?
കുഞ്ഞിക്കിളികളുടെ ഉയിരറ്റ മേനി ചുള്ളികൾക്കിടയിൽ പൊഴിഞ്ഞമർന്നിരിക്കുന്നു, വാലിട്ടെഴുതിയ കണ്മഷിക്കണ്ണുകൾ വേദന തിന്ന് പാതിയടഞ്ഞിരിക്കുന്നു, ചിതറിക്കിടക്കുന്ന തൂവലുകളിൽ രക്തം പടർന്ന് നില്കുന്നു, കുഞ്ഞിക്കിളിയുടെ മാവ് വെട്ടിയാണ് മുറ്റത്ത് കളി വീട് തീർക്കുന്നതെന്ന് അവൾക്ക് മനസ്സിലായി, നിയന്ത്രണം വിട്ട തേങ്ങലുകൾ അന്തരീക്ഷത്തിൽ കനത്തു നിന്നു, പൊള്ളുന്ന കണ്ണീരൊലിച്ച് കവിളുകൾ ചുവന്നു,കണ്ണു ചിമ്മാതെ ചിരിക്കുന്ന പാവ ചിരിമറന്ന് അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു, തേങ്ങൽ ചങ്കിലൊതുക്കി അവളച്ഛന്ടെ അടുത്തേക്കോടി
ഇത്രയായിട്ടും അച്ഛൻ എണീറ്റില്ലല്ലോ ...അവളുടെ കണ്ണു നിറഞ്ഞു കാഴ്ച്ച മറഞ്ഞു, വെള്ളപുതച്ച അച്ഛന്റെ മാറിലേക്കവൾ ചാഞ്ഞു കിടന്ന് ചെവിയിൽ പരിഭവം പറഞ്ഞു , കുഞ്ഞിക്കിളി ചത്തത് പറഞ്ഞു തീർന്നിട്ടും അച്ഛനൊന്നും മിണ്ടിയില്ല , വെറും തറയിൽ കിടന്നതോണ്ടാവും അച്ഛന്റെ ചെവിക്ക് വല്ലാത്ത തണുപ്പ് തോന്നി ....
ആരൊക്കെയോ ചേർന്ന് അവളെ അകത്തെ മുറിയിലേക്ക് താങ്ങിയെടുത്തു കൊണ്ട് പോയി, ജാലക വിടവിലൂടെ തിക്കി വരുന്ന ഇത്തിരി പ്രകാശത്തിൽ അമ്മ ചടഞ്ഞിരിക്കുന്നുണ്ട് . അവളമ്മയുടെ മടിയിൽ ചാരിയിരുന്നു , മുറ്റത്ത് കർപ്പൂരത്തിൽ കത്തുന്ന പച്ച മാവിന്റെ മണം...താളത്തിൽ ഉയരുന്ന മന്ത്രങ്ങൾ
മമ മാതൃ ഭൂകാരണായ ഇതം നമഹ ......പ്രേത സംസ്കാര ക്രിയാ അർപ്പിത മമ ........സം പ്രേതശ്യ കാരന്ന്യായ...മമ ശിവ ഗോത്ര ജാതനാ ....പ്രേതശ്യ ശരണ്യായ .... മമ മാതൃ ഭൂകാരണായ ഇതം നമഹ .....
പടർന്നു കത്തുന്ന ചിതയുടെ നാളം ഇരുട്ടുമുറിയിൽ മിന്നി മറഞ്ഞു....
ചൂടുള്ള കണ്ണീരു വീണു മുഖം പൊള്ളിയപ്പോഴാണവൾ അമ്മയുടെ മുഖത്തേക്ക് നോക്കിയത് , കനലെരിയുന്ന കണ്ണിലൂടെ കണ്ണീരൊഴുകുന്നു , അവൾക് സമാധാനം തോന്നി , കുഞ്ഞിക്കിളികൾ ചത്തതിൽ അമ്മക്കുമുണ്ട് ഖേദം , തലയുയർത്തി കയ്യുയർത്തി അവൾ അമ്മയുടെ കണ്ണീരു തുടച്ചു ,
'' 'അമ്മ കരയണ്ട അമ്മക്കിളി ഇനിയും മുട്ടയിടും മുട്ട വിരിഞ്ഞു കുഞ്ഞിക്കിളികൾ പുറത്തു വരും , അച്ഛനോട് പറഞ്ഞു നല്ലൊരു കിളിക്കൂട് വാങ്ങി നമുക്കതിൽ വളർത്താം , 'അമ്മ കരയണ്ട....
അടക്കിയ തേങ്ങൽ മുഴുവനും അണപൊട്ടിയൊഴുകി കുഞ്ഞിനെ മാറോട് ചേർത്തമ്മ അലറിക്കരഞ്ഞു, കർപ്പൂര നാളത്തിൽ പടർന്നു കത്തിയ പച്ചമരം ഉയർന്നു പൊങ്ങി ഒടുവിൽ ശാന്തമായി ഒരു പിടി ചാരത്തിലൊതുങ്ങി .
- മിഷാൽ കൊച്ചു വർത്തമാനം -

Comments