തലയണ
അനന്തമായ ഈ ഭൂലോഗത്ത് ഇത്രെയേറെ വഞ്ചിക്കപ്പെട്ടത് മറ്റെന്താണുള്ളത് ..?
ഓരോ രാവ് വെളുക്കുമ്പോഴും അവഗണനയുടെ സ്ഥിരം പല്ലവി ...............
നിശയുടെ കുളിരിൽ എത്രയെത്ര കിന്നരം കേട്ട് സ്വപ്നം കണ്ടുറങ്ങിയതാണ് ഓരോ തലയിണയും , എത്രയെത്ര തലോടൽ , എത്ര പേർ മാറോടണച്ചു കെട്ടിപ്പിടിച്ചു ,
സ്വയം മറന്ന എണ്ണമറ്റ പ്രണയ ജല്‍പനങ്ങൾ, പതക്കുന്ന എത്രയെത്ര പ്രണയങ്ങൾ , പ്രണയം പൂത്ത് തിമിർത്ത എത്രയെത്ര പ്രേമ ഗാനങ്ങൾ ,വാടിത്തളർന്ന വിരഹ നൊമ്പരങ്ങൾ......
എല്ലാം വ്യർത്ഥം, രാവെളുക്കുമ്പോൾ എല്ലാം സ്വപ്നം, ഏതെങ്കിലും ഇരുണ്ട മൂലയിലേക്ക് തിരസ്കരിക്കപ്പെടുന്ന വെറും പാഴ് ജന്മം .................
എന്നിട്ടുമെന്താണാവോ ഒരു കവിയും കുറിക്കാതെ പോയത് ........?
ഒരു ചരിത്രകാരനും അടയാളപ്പെടുത്താതെ പോയത് .....?
ആരാലും ഒരു മഹാ പ്രബന്ധവും രചിക്കപ്പെടാതെ പോയത്...?
ആരും ഭീകര പ്രസ്താവനകൾ ഇറക്കാതെ പോയത് ...?
ഹാ ആർക്കറിയാം ..........!!!
പണ്ട് ഒഴിവ് ദിവസങ്ങളിൽ ഉമ്മച്ചിയുടെ പ്രധാന ഇഷ്ട്ടമായിരുന്നു പല നിറത്തിലും വലുപ്പത്തിലുമുള്ള തലയിണകൾ ഉണ്ടാക്കുക എന്നത്, പഴയ തുണികളെല്ലാം കുനു കുനെ വെട്ടി തിളങ്ങുന്ന വലിയ തുണിയിൽ ഒതുക്കി തുന്നിയെടുക്കും പിന്നെ നല്ല സുന്ദരൻ കുപ്പായവും അതിനൊത്ത് തുന്നിയെടുക്കും, രണ്ടറ്റവും കൂട്ടി കെട്ടാൻ കറുത്ത തുണികൊണ്ട് രണ്ട് നീളൻ വാലും ,ഈ വക കസർത്തുകളൊക്കെ കണ്ടിട്ടായിരിക്കും ഉപ്പ ഹാലിളകി ദേഷ്യപ്പെടും
"ആർകാണ് ഈ കണ്ട തലയിണയൊക്കെ നീ ഉണ്ടാക്കി കൂട്ടുന്നത് ....?
ഉമ്മ സ്വാത്വിക ഭാവത്തോടെ വെറുതെ ചിരിക്കും , അത് കാണുമ്പോൾ ഉപ്പാക്ക് വീണ്ടും ദേഷ്യം വരും , പിന്നെ വിരലിൽ തിരുകിയ സിഗററ്റ് കുറ്റി ആഞ്ഞു വലിച്ചു കൊണ്ട് ഭർത്താവെന്നുള്ള സകല അധികാരങ്ങളും ഉപയോഗിച്ച് ഒരു ഉത്തരവാണ്
" വേകം ഒരു ഗ്ലാസ് സുലൈമാനി കൊണ്ടു വാ ....മധുരം വേണ്ടാ "
അതോടെ രംഗം ക്ളീൻ ..................
ഹും ............. ഉമ്മ ദേഷ്യപ്പെട്ടു അടുക്കളയിലേക്ക് തറയിൽ ഊക്കിൽ ചവിട്ടി നടന്നു പോവും ...........
എനിക്ക് വേണ്ടി ഉമ്മ ഒരിക്കലൊരു കുഞ്ഞി തലയിണ ഉണ്ടാക്കിയത് ഞാനോർക്കുന്നു , ചുവന്ന പട്ടിൽ നക്ഷത്രം പോലെ വെള്ളയും കറുപ്പും പുള്ളികളുള്ള മിനുസമുള്ള തലയിണ , ഉള്ളിൽ തുണിയും കൂടെ പഞ്ഞിയും കുത്തി നിറച്ചത് കൊണ്ട് ഉമ്മാന്ടെ മടിയിൽ കിടക്കുന്ന അതേ അനുഭവമായിരുന്നു ആ തലയിണയിൽ കിടന്നുറങ്ങുമ്പോൾ, തുണിയും പഞ്ഞിയും കൂടിക്കലർന്ന സുഖമുള്ള മണം ......
ഈ ലോകത്ത് തലയിണയെ പ്രേമിച്ചത് ഞാൻ മാത്രമായിരിക്കും , ഒരുപാടു രാവുകളിൽ അതിന്ടെ മിനുസത്തിൽ ഞാനുറങ്ങി ഉണർന്നു, ഒരുപാട് പ്രണയ സ്വരങ്ങൾ അതിന്ടെ കാതിൽ മന്ത്രിച്ചു , മാറോടണച്ചു, ചേർത്ത് പിടിച്ചു , പരിഭവങ്ങൾ , പിണക്കങ്ങൾ, ആധികൾ, പരാതികൾ അങ്ങനെയങ്ങനെ.....
സുഖമുള്ള രാവുകൾ, സുഖമുള്ള ഓർമ്മകൾ ..............
വർത്തമാന കാലം എത്ര വേഗത്തിലാണ് ഓർമയുടെ ആലസ്യത്തിലേക്ക് മയങ്ങി മറയുന്നത്
വരഞ്ഞു വെച്ച സ്വപ്നങ്ങൾക്ക് നിറം പകരാൻ ഞാനിന്നൊരു പ്രവാസിയായി, പ്രവാസിയവാൻ വേണ്ടി പ്രണയിച്ച തലയിണയെ എവിടെയോ ഉപേക്ഷിക്കേണ്ടി വന്നു ,ഇന്ന് ഞാനുറങ്ങുന്നത് കാറ്റ് നിറച്ച വെളുത്ത തലയിണയിലാണ് , പരിഭവമില്ല , പരാതിയുമില്ല ,പ്രണയമില്ല, പിണക്കവും ഇണക്കവും ഒന്നുമില്ല...
പുതിയ തലയിണയെ പലവുരു പ്രണയിക്കാൻ ശ്രമിച്ചു നോക്കി എന്തോ ഇത് വരെ പതഞ്ഞു നിറയുന്ന ഒരു പ്രണയ ഗാനവും എന്റെ ചുണ്ടിൽ വിരുന്നു വന്നില്ല, കുളിരു നിറയുന്ന ഒരു പ്രേമ സങ്കല്പവും മനസ്സിലേക്കെത്തി നോക്കിയതുമില്ല, ഓർമയുടെ ഉളുപ്പ് മണം പറ്റിയ എന്റെ പഴയ തലയിണക്ക് വേണ്ടി ഞാനിന്ന് കാത്തിരിക്കുന്നുണ്ട് കൊഴിഞ്ഞു പോയതെല്ലാം ഓർമയുടെ കാണാമറയാത്തെവിടെയോ മറഞ്ഞില്ലാതെയായെന്നറിയാം , എങ്കിലും കണ്ണും കരളും തുറന്ന് കാത്തിരിക്കുകയാണ്......പ്ര
പ്രതീക്ഷയാണത്രെ പ്രവാസം ...........
- മിഷാൽ കൊച്ചുവർത്തമാനം -

Comments
Post a Comment