വേനൽ മഴ



ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാവുമോ ..............?
ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല , നിങ്ങൾക്ക് സൗകര്യം പോലെ വിശ്വസിക്കുകയോ അ അവിശ്വസിക്കുകയോ ആവാം .....
ആദ്യ പ്രണയത്തിനു എപ്പോഴും ആക്കം കൂടും, ആഴവും ...അത് മനസ്സിൽ മായാതങ്ങനെ നിൽക്കും.....
ഇടയ്ക്കിടയ്ക്ക് പൂക്കും , ചിലപ്പോൾ വാടിക്കൊഴിയും, മറ്റു ചിലപ്പോൾ എല്ലാം കെട്ടടങ്ങിയെന്ന് തോന്നും വീണ്ടും വേനൽമഴപോലെ വന്ന് വസന്തം നിറക്കും ,അങ്ങിനെയങ്ങിനെ ഓളം പോലെ ഒഴുകിത്തിമിർക്കും.
ഇതും ഒരു പ്രണയ കഥയാണ് ആദ്യ പ്രണയത്തിന്ടെ മധുരമുള്ള .... മധുരമല്ല പുളി.... നല്ല കടുത്ത പുളിയുള്ള പ്രണയം, മഷിയുണങ്ങാത്ത കടലാസ് തുണ്ടിൽ പൊതിഞ്ഞ നല്ല വാളൻ പുളിയുടെ പുളി രസമുള്ള പ്രണയം ............നാവിൽ തൊട്ടാൽ മേനി മുഴുവൻ പൂക്കൂന്ന നല്ല അസ്സല് പുളിയുള്ള പ്രണയം .....
സംഗതി ഒരിത്തിരി പഴയതാണ് .......
കരുമാനം കുറുശ്ശി എ . യു .പി സ്കൂളിൽ നാലിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം . മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവിനെ പോലെ എന്റെ ക്ലാസിൽ എല്ലാ വർഷവും ഞാനായിരുന്നു ഒന്നാം സ്ഥാനത്ത് , ഈ വകയിൽ വസന്ത ടീച്ചറുടെ വക മണമുള്ള പേന , പുസ്തകങ്ങൾ , നോട്ടു ബുക്ക്‌ എന്നിവ തടസമില്ലാതെ ലഭിച്ചിരുന്നു എന്റെ തൊട്ടു പുറകെ ഒന്നോ രണ്ടോ മാർക്കിന്ടെ വ്യത്യാസത്തിനു സുമിതയും ഉണ്ടാകുമായിരുന്നു
പറയാതെ വന്ന ഒരുവേനൽ മഴകുതിർന്ന് സ്‌കൂളിന്റെ ഓട് മറയിലേക്ക് വെത്തപ്പെട്ട് ഓടിക്കേറിയപ്പോഴാണ് ആദ്യ പ്രേമോപഹാരം കയ് പറ്റിയത് . മഴ കുതിർന്നു നിൽക്കുന്ന സുമിതയുടെ കയ്യിൽ കടലാസ്സിൽ പൊതിഞ്ഞ കറുത്ത പുളി , നാലാം ക്ലാസ്സിന്ടെ പുറകു വശത്ത് നിന്ന് ഞങ്ങൾ രണ്ടു പേരും വളരെ രഹസ്യമായാണ് തിന്നു തീർത്തത് ഒടുവിൽ കടലാസിൽ പറ്റിപ്പിടിച്ച ഒടുവിലത്തെ പുളിയും വായിലിട്ട് ചവച്ചു തുപ്പുമ്പോൾ അവളുടെ മൂക്കിന്ടെ അഗ്രം ചുവന്നു തുടുത്തിരുന്നു ,പുളി സഹിക്കാതെ കണ്ണിറുക്കി കൊണ്ടവൾ പറഞ്ഞു " ആരോടും പറയണ്ടാട്ടോ ..... നാളെ വേറെ ഒരൂട്ടം കൊണ്ടെത്തരാം " കൊഞ്ചിപ്പറഞ്ഞു പിന്തിരിഞ്ഞു നടക്കുമ്പോൾചുവന്ന നിറമുള്ള അവളുടെ മൂക്കിന്റെ അഗ്രത്തു നിന്ന് മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു
പിന്നെ അതൊരു പതിവായി ...............എന്നും എന്തെങ്കിലുമൊക്കെയായി കിട്ടി തുടങ്ങി
ചറ പറ ... പ്രേമോപഹരങ്ങൾ ഊക്കിൽ ഒഴുകി ....
കണ്ണിമാങ്ങാ,നെല്ലിക്ക, ഇരുമ്പാ പുളി, മുള്ളും പഴം, ഞാവൽ, ചെമ്പകം, ഈർകിലിൽ കോർത്ത എരണി പൂവ്, .മാങ്ങാ ചെത്തി ഉപ്പും മുളകുപൊടിയും ചേർത്തത് , .ബാലരമ, .ബാലഭൂമി, പൂംബാറ്റ, ചിത്ര കഥ, ഈരയിൽ മെടഞ്ഞ പല നിറത്തിലുള്ള മോതിരം, ചിരട്ട മോതിരം, വളപ്പൊട്ട്, കളർ ചോക്ക, .അങ്ങിനെ പോവുന്നു. മൊത്തത്തിൽ കുശാൽ ............ സന്തോഷം ... മെച്ചം ....ആദായം
ഈ വക ഉപഹാരങ്ങൾക്കെല്ലാം പകരമായി ഞാനൊരിക്കൽ ഒരു മാർബിൾ കല്ലിലിട്ടുരസി മിനുസപ്പെടുത്തി ഹൃദയാകൃതിയിൽ മിനുക്കിയെടുത്ത് എന്റെ പ്രണയ ഭാജനത്തിനു സ്നേഹത്തോടെ സ്വകാര്യമായി സമ്മാനിച്ചു അത് സ്കൂളിൽ വമ്പിച്ച വാർത്തയായി.
പുല്ല് ... എല്ലാവരും അറിഞ്ഞു , വേണ്ടായിരുന്നു ....തെറ്റ് ...ചെയ്തതെല്ലാം തെറ്റ് ,എന്റെ പിഴ ...
ഗർജനം ,, ആക്രോശം ............... എന്തും സംഭവിക്കാം, ക്ലാസ് മുറിയിലാകെ ചൂട് പിടിച്ച ചർച്ചകൾ,
ഒന്ന് ...രണ്ട് ..മൂന്ന് ....വേനൽ മഴ കുത്തിപെയ്ത പോലെ സുമിത കരഞ്ഞു ....പാവം .....
ചുവന്ന കവിളിലൂടെ കണ്ണ്നീരൊഴുകി. വെളുത്ത മൂക്കിൻ തുമ്പ് ചുവന്നു ചോരത്തുള്ളിപോലെ
ഭൂമിയിലേക്കിറ്റു വീഴാൻ കാത്തു നിന്നു, ചെട്ടിത്തെരുവിലെ പുഴയുടെ മണമുള്ള തെന്നലവളുടെ കാണ്ണീരൊപ്പാൻ പാടുപെട്ടു.സ്കൂൾ മുറ്റത്തെ ചുവന്ന മണ്ണിൽ പത്തു മണിപ്പൂക്കൾ വാടി വീണു . മുട്ടോളമുള്ള പാവാട തിരുപ്പിടിച്ച് അവളെന്നെ നോക്കി തേങ്ങി, കടും നിറമുള്ള അവളുടെ കുപ്പി വളകൾ ചിരി മറന്നു നിശബ്ദമായി, ഇടതുവശത്തേക്കൊതുക്കി ചീവിയ അവളുടെ കറുത്തമുടിക്കു താഴെ ഭസ്മനിറമുള്ള നെറ്റിയിൽ നീണ്ടു തിളങ്ങുന്ന പൊട്ട് കണ്ണടച്ച് കിടന്നു,
വരാന്തയിലൂടെ നടന്ന് പോവുന്ന ലതിക ടീച്ചർ എന്നെ കണ്ണുരുട്ടുന്നുണ്ടോ .....
വട്ടക്കമ്മലാട്ടി സുമതി ടീച്ചർ എന്നെയടിക്കാനോങ്ങുന്നുണ്ടോ ...
അഗ്രം പൊട്ടിയ ചൂരലിൽ എണ്ണ മിനുക്കി അച്ചുണ്ണിമാഷ് തയ്യാറായി നിൽക്കുന്നുണ്ടോ ...
പുള്ളി സാരിയുടുത്ത മീര ടീച്ചറുടേയും ഇന്ദിര ടീച്ചറുടെയും കണ്ണുകൾ ദേവേട്ടന്റെ കടയിലെ കുപ്പിഭരണിയിലെ തേനുണ്ട കണക്കെ ചുവന്ന് തുടുത്തിട്ടുണ്ടോ ...
അരിശം കൊണ്ട് വെള്ളയും കറുപ്പും കലർന്ന യുസഫ് മാഷിന്റെ മീശ വിറക്കുന്നുണ്ടോ ..
അനിത ടീച്ചറും രത്നടീച്ചറും എന്നെ നോക്കി കോപത്താൽ കുശു കുശുക്കുന്നുണ്ടോ ..
അടങ്ങാത്ത അവജ്ഞയോടെ ഉരുണ്ട വിരലിലെ സ്വർണ മോതിരം മേലേക്കും താഴേക്കും താളത്തിൽ തെന്നിച്ചു ഹരിമാഷ് തക്കം പാർത്തിരിപ്പുണ്ടോ
തുണിയിൽ തുന്നി വാലിട്ട പൊടിപിടിച്ച ടെസ്റ്ററും തൂക്കിപ്പിടിച്ച് അറബിമാഷും ചന്ദ്രിക ടീച്ചറും എന്റെ പുറകെ നില്പുണ്ടോ
ആക്രോശങ്ങളുടേയും കുറ്റപ്പെടുത്തലുകളുടെയും തീവ്രത കൊണ്ടാവം അപ്പോഴേക്ക് ഞാനും കരഞ്ഞു പോയിരുന്നു ....
വൈകുന്നേരം മദ്രസ്സ.......
എങ്ങും ശോക മൂകം , ആരും നേരെ മുഖത്തേക്ക് നോക്കുന്നില്ല, കട്ടിയുള്ള നിശബ്ദത വരാനിരിക്കുന്ന കലഹത്തിന് മുന്നറിയിപ്പ് നൽകി. ഒളിഞ്ഞും മറഞ്ഞും എന്തൊക്കെയോ പിറു പിറുക്കുന്നു ,
നിഷേദി ......... തെമ്മാടി .... ഹറാം പെറപ്പ് .. സൈഡ് ബഞ്ചിലിരുന്ന് അവ്യക്തമായ ശബ്ദ ശകലങ്ങൾ
വലിയ താടിയും തലപ്പാവും ചൂരലുമായി മൊല്ലാക്ക ക്ലാസ്സിൽ വന്നു. ചുവന്ന ടാപ്പ് ചുറ്റിയ മഞ്ഞ നിറമുള്ള ചൂരലിന്റെ അഗ്രം ഉള്ളം കൈ കൊണ്ട് ചുരുട്ടിപ്പിടിച്ചെന്നെ നോക്കി, സുറുമയിട്ടു കറുപ്പിച്ച കണ്ണിൽ കത്തുന്നത് കനൽ.... അഖിലാണ്ഡ ദുനിയാവ് മുഴുവൻ നിശ്ചലം , ജിന്നും ഇൻസും , ഇഫ്രീത്തുകളും കാഴ്ചയും കർണങ്ങളും കൂർപ്പിച്ചു വെച്ചു , പള്ളിക്കാട്ടിലെ തേക്കിൻ തയ്‌കൾ പോലും ചലനം മറന്നു നിശ്ചലമായിരിക്കുന്നു, പള്ളിക്കിണറിലെ തിളങ്ങുന്ന പരൽ മീനുകൾ കണ്ണുപൂട്ടി കാതോർക്കുന്നു
വന്ന പാടെ കണ്ണുരുട്ടി എന്നോടൊരു ചോദ്യം
" കണ്ണി മാങ്ങാ.....ഉണ്ടോടോ ... രണ്ടെണ്ണം എടുക്കാൻ....? "
ക്ലാസ്സ് മുഴുവൻ അട്ടഹസിച് ചിരിച്ചു , വെട്ടുകൽ ചുമരിൽ തട്ടി അട്ടഹാസം പ്രതിധ്വാനിച്ചു , കരി നിറം പൂശിയ കഴുക്കോലുകൾ ശബ്ദ സമ്മർദ്ദത്താൽ വശം കെട്ടു പരവശമായി , തൊടിയിൽ മേഞ്ഞ വെള്ളപ്പൂവാലി
വാഴത്തയ്ക്കൾക്കോരം ചേർന്ന് ചിരിയൊതുക്കി, വെള്ളപ്പുള്ളിയുള്ള പൂവാലൻ പുള്ളിപ്പൂങ്കോഴി താടയിളക്കിക്കുണുങ്ങിച്ചിരിച്ചു
ബ്ലാക്ക്‌ ബോഡിനടുത്തേക്കെന്നെ വിളിച്ചിട്ട് മൊല്ലാക്ക ആക്രോശിച്ചു
എഴുത് നൂറു വട്ടം...........
ഇനി മേലാൽ സുമിതയുടെ കയ്യീന്ന് ഒന്നും വാങ്ങിക്കൂലാ .....................
ഒഴുകുന്ന കണ്ണീരു തുടച്ചു കറുത്ത ബോഡിൽ ഞാൻ കുത്തിക്കുറിച്ചു
മേലാൽ സുമിതയുടെ കയ്യീന്ന് ഒന്നും വാങ്ങിക്കൂലാ .....................
നൂറാം തവണ എഴുതി തീരുമ്പോൾ വിരൽ തുമ്പ് തേഞ്ഞു നിണമണിഞ്ഞുവെങ്കിലും, അവള് തന്ന പ്രണയത്തിന്ടെ പുളി മനസ്സിൽ മായാതെ തന്നെ നില്ക്കുന്നുണ്ടായിരുന്നു
കാലം എന്നെയെടുത്തു ദൂരം ഒരുപാട് വേഗത്തിലോടിത്തീർത്തു ,കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ അവിചാരിതമായി ഞാനവളെ കണ്ടിരുന്നു ,അവളെന്നെ കണ്ടു ഓടി വന്ന്‌ തുള്ളിച്ചാടി നിർത്താതെ എന്തൊക്കെയോ പറഞ്ഞു , ഞാനൊന്നും കേട്ടില്ല .......................
അവളുടെ സാരിത്തുമ്പിൽ തൂങ്ങിക്കൊണ്ടൊരു പാവാടക്കാരി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു അവളുടെ ചുവന്ന മൂക്കിന്ടെ തുമ്പത്തായിരുന്നു എന്റെ നോട്ടം മുഴുവനും.......എവിടെ നിന്നോ വന്നൊരു വേനൽമഴ എന്നെയും അവളെയും ദാക്ഷിണ്യമില്ലാതെ നനച്ചു കുതിർത്തു , സാരിത്തുമ്പിൽ തൂങ്ങിയാടിയ പാവാടക്കാരി മഴനനയാതെ പീടികവരാന്തയിലേക്ക് ഓരം ചേർന്നു ,
തലതല്ലി പെയ്തലച്ച മഴയുടെ കുടചൂടി ഞങ്ങൾ പരസ്പരം നോക്കി നിന്നു യാത്ര പറയാതെ പെയ്തൊഴിഞ്ഞ വേനൽമഴയുടെ ബാക്കി പത്രം അവളുടെ വെളുത്ത നാസാഗ്രത്തിൽ തൂങ്ങിയിറ്റു വീണ് മണ്ണിൽ കുതിർന്നു, അറിയാത വന്ന വേനൽ മഴ തന്ന സുഖമുള്ള പുളി രസം ഹൃദയത്തിൽ തികട്ടിയതിനാലാവാം അവളെന്നെ നോക്കി ചിരിച്ചു ..ഞാനവളെയും .. ....
-മിഷാൽ കൊച്ചുവർത്തമാനം-

Comments