കലാപത്തിനപ്പുറം




മനസ്സും മരുഭൂമിയും വരണ്ടുണങ്ങിയത് കൊണ്ടാവും പ്രവാസികൾ മഴയെ ഇത്രയേറെ നെഞ്ചിലേറ്റുന്നത് 
രാവിലെ പെയ്ത മഴയുടെ ബാക്കിയെന്നോണം ചിന്നി ചിന്നിപ്പെയുന്ന മഴയെ നോക്കി കോറിഡോറിൽ കാലും നീട്ടി കയ്യിലൊരു സിഗററ്റുമായി വെറുതെയിരിക്കുകയായിരുന്നു, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ദുബൈ നഗരം തിരക്കിട്ടോടുകയാണ്, ഈ നഗരത്തിനുറക്കമില്ലെന്നാണ് തോന്നുന്നത്, 
ഒരുപാട് സ്വപ്നങ്ങൾക്ക് നിറം കൊടുക്കാനുള്ളതല്ലേ പിന്നെങ്ങനെയുറങ്ങും..........................?
ഈ നഗരത്തിനിതെത്ര മുഖമാണ് ..................................?
ചിലപ്പോൾ തോന്നും മണലിൽ വെറും ശോഭ കൊണ്ട് തീർത്ത സ്വപ്ന കൊട്ടാരത്തിന്റെ വെറും പൊയ്മുഖമാണെന്ന് ,ചിലപ്പോൾ ഇഷ്ടം കൊണ്ട് തീർത്തൊരു മൺ കൂജയിൽ കരൾ പിഴിഞ്ഞ് കറുത്ത ഗാവ നിറച്ച് എന്നെ കാത്തിരുന്നു മടുത്ത് പരിഭവം ചുവപ്പിച്ച അറബിപെണ്ണിന്ടെ മുഖമാണെന്ന് ,പിന്നെ ചിലപ്പോൾ കടലിരമ്പം മനസ്സിലൊളിപ്പിച്ച് അനന്തതയിലേക്ക് നോക്കിയിരിക്കുന്ന സ്വാതികന്ടെ മുഖം പോലെയും തോന്നിയിട്ടുണ്ട് ...
അതുമല്ലെങ്കിൽ കാണാ മറയത്തിരുന്ന് എന്നെയോർത്തു കണ്ണ് കലങ്ങിയ ഉമ്മയെന്ന അടങ്ങാത്ത സ്നേഹത്തിന്റെ വാടിയ മുഖമാണെന്ന് ...................
ഹാ .................എന്തോ ..............................ആർക്കറിയാം ...............
നിർത്തിയിട്ട ആംബുലൻസിൽ നിന്നും കണ്ണിൽ തറച്ച നീലനിറത്തിലുള്ള ഇരുണ്ട വെളിച്ചം കണ്ടാണ് മനോരഥത്തിൽ നിന്നുണർന്നത്, താഴെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു, നീട്ടി വെച്ച കാലിൽ ഊന്നി ഞാൻ താഴേക്ക് നോക്കി, ചിതറിത്തെറിച്ച മഴത്തുള്ളികൾ ആംബുലൻസിന്റെ വെള്ള നിറത്തിൽ എന്തൊക്ക്കെയോ ചിത്രങ്ങൾ കോറിയിട്ടിട്ടുണ്ട്, ആരോ മരിച്ചിട്ടുണ്ടെന്ന് തോന്നുന്നു, വെള്ള പൊതിഞ്ഞൊരു ശരീരം ആരൊക്കെയോ ചേർന്ന് വണ്ടിക്കകത്തേക്കെടുത്തു വെക്കുന്നുണ്ട്, പാതി മൂടിയ പരേതന്റെ ഉയർന്നു നിൽക്കുന്ന കാലുകളിലൂടെ മഴത്തുള്ളികൾ ഊർന്നൊലിച്ച് വെള്ള തുണിയിൽ ഇരുണ്ട പാട് വീഴ്ത്തിയിട്ടുണ്ട്, മരിച്ചത് ഞാനല്ലാത്തത് കൊണ്ട് ഞാൻ പകുതിയിൽ നിർത്തിയ സിഗററ്റിലേക്ക് മടങ്ങി മഴ നോക്കിയിരുന്നു, നീട്ടി വെച്ച കാലിലേക്ക് തെറിച്ചിറ്റു വീണ രണ്ടു തുള്ളി തണുപ്പ് ഒലിച്ചിറങ്ങി താഴേക്ക് വീണു, മഴയുടെ തണുപ്പിലേക്ക് ഊർന്നൊട്ടികിടന്ന് അന്നത്തെ രാവും ശാന്തമായ് ഉറങ്ങി.
എത്ര തന്നെ ശ്രമിച്ചാലും രാവിലെ ധൃതി പിടിച്ച് ഓട്ടം തന്നെയാവും, എന്നും അഞ്ചോ പത്തോ മിനിറ്റ് വൈകിയായിരിക്കും ഓഫീസിലെത്തുന്നത് , ഇന്നലെ പെയ്ത മഴയുടെ തണുപ്പും സൂര്യന്റെ നിറം കുറഞ്ഞ വെളിച്ചവും കൂടി മനസ്സിൽ വല്ലാത്തൊരു തണുപ്പ് നൽകുന്നുണ്ട്, പതിവായി പോവുന്ന കഫ്റ്റീരിയയിലേക്ക് കയറി സ്ഥിരം ഇരിക്കാറുള്ള ഒഴിഞ്ഞ മൂലയിൽ കാത്തിരുന്നു , വെളുത്ത മോണ കാട്ടി നിറഞ്ഞു ചിരിച്ചുകൊണ്ട് കാസർകോട്ടുകാരൻ സേതുവേട്ടൻ ഒരു കയ്യിൽ സാൻഡ്‌വിച്ചും മറ്റേ കയ്യിൽ കടും കാപ്പിയുമായി ചെർപ്പുളശ്ശേരിക്കാരൻ വന്നല്ലോ എന്ന മുഖവുരയുമായി ഓടിയെത്താറാണ് പതിവ് , തോളിലിട്ട ടർക്കി ഇടക്കിടക്കെടുത്ത് കുടഞ്ഞിട്ട് വെളുത്ത കുറ്റി താടിയിൽ തടവി സേതുവേട്ടൻ ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങളാണ് പറഞ്ഞു തീർത്തിരുന്നത്, നിറ ചിരിക്ക് പിന്നിൽ ഒരായിരം കണ്ണീരൊളിപ്പിക്കുന്നുണ്ടെങ്കിലും സേതുവേട്ടന്റെ ചിരി കണ്ടിറങ്ങിയാൽ അതൊരു സുഖമാണ്, പാതി വിറച്ച ഇടറിയ സ്വരത്തിൽ സേതുവേട്ടൻ എനിക്ക് പകർന്നത് അനുഭവങ്ങളുടെ പഴയ തീപൊള്ളലുകൾ ബാക്കിയാക്കിയ കരിഞ്ഞ പാടുകളായിരുന്നു ...
"ഈറ്റാലൊന്നും കൊണ്ടോയി എയ്തിയേകണ്ട കേട്ടാ ! എന്ത് കിട്ടിയാലും കൊണ്ടോയി എഴുതലാ പണി ..
വൃത്തികേടൊന്നുമില്ലെങ്കിലും തൊട്ടടുത്ത മേശ വെറുതെ തുടച്ചു കൊണ്ട് സേതുവേട്ടൻ പതിഞ്ഞ സ്വരത്തിൽ എന്നോട് പറയും
എന്നാലും ഇതിപ്പോ ഇന്നെന്ത്‌ പറ്റി ...ആളെ കാണുന്നില്ലല്ലോ ..............
ഇരുപ്പ് തുടങ്ങിയിട്ട് അഞ്ചു മിനിറ്റ് കഴിഞ്ഞു .........................., പതിയെ നടന്ന് ക്യാഷിൽ ചെന്ന് ചോതിച്ചു
"അല്ല ... നമ്മടെ സേതുവേട്ടനെന്ത് പറ്റി ..ഇന്ന് കണ്ടില്ലല്ലോ ................."
ചില്ലറത്തുട്ടുകൾ എണ്ണി വേർതിരിച്ച്‌ വലിപ്പിൽ വെക്കുകയായിരുന്ന സ്വർണ നിറമുള്ള കണ്ണടക്കാരൻ കേട്ട ഭാവം നടിക്കാതെ എണ്ണിക്കൊണ്ടേയിരുന്നു 
കുറച്ചൂടെ ഉച്ചത്തിൽ ഒന്നൂടെ അടുത്ത് ചെന്ന് വീണ്ടും ചോദിച്ചു ...............
"സേതുവേട്ടനെവിടെയാ ...ഇന്ന് കണ്ടില്ലല്ലോ .....?"
തല ഉയർത്തി അറച്ചും അന്തിച്ചും എന്നെ നോക്കിക്കൊണ്ടു അയാൾ പറഞ്ഞു .................
“ഇങ്ങള് ഈയെ ബിൽഡിങ്ങിൽ തെന്നെല്ലേ നിക്കുന്നെ? എന്നിട്ടും അറിഞ്ഞിറ്റൊന്നു 
ഇല്ലപ്പാ ?മൂപ്പരിന്നലെ മരിച്ചു, മോന്തിക്കെന്നെ ബോഡി നാട്ടിലേക്ക് കേറ്റി വിടാൻ പറ്റിയോണ്ട് എടങ്ങാറ് ഒഴിവാക്കി.അല്ലെങ്കിന്നു വച്ചാല് ഇന്നത്തെ കച്ചോടം സലാമാത്തായേനെ.
മരിക്കേ .....................? മരിച്ച്ചെന്നോ .....?
ഹാ ..മയ്യത്തായി ............... 
കഫ്റ്റീരിയയിൽ നിന്ന് പുറത്തെ തണുപ്പിലേക്കിറങ്ങുമ്പോൾ ഉള്ളും പുറവും വേവുന്നുണ്ടായിരുന്നു 
ഇന്നലെ കൂടെ പലതും പറഞ്ഞാണ് പിരിഞ്ഞത് ...........................!!
"ഇന്നപ്പോലെ തെന്നെയാ നമ്മളെ മോനും. ഇക്കൊല്ലം കൂടി കയ്ന്ന്റ്റ് വേണം ഓന്റെ പഠിപ്പ് തീരാൻ. ഇങ്ങോട്ടേക്കെന്താന്തായാലും കൊണ്ടേരൂല. നമ്മളോ ഇങ്ങത്തെ കോലായി. ഇനി ഓനെങ്കിലും ...
പെണ്ണ് ഒന്നൂടെ ഉണ്ട് , ഓളെ മങ്ങലോം കൂടിയൊന്നു കയ്ന്ന്റ്റ് വേണം നീണ്ടീർന്നൊന്നു കെടക്കാൻ”
ഇന്നലെ കൂടെ.................................
ഓരോ ജീവിതവും ഓരോ കലാപങ്ങളാണ് സ്വപ്നങ്ങളോടും മോഹങ്ങളോടുമുള്ള നിരന്തരമായ കലാപം ഒടുവിൽ കാലം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് മരണത്തിലേക്കും, അവിടെ തീരുന്നു ജീവിതമെന്ന കർമ്മ കാണ്ഡം ........ 
എല്ലാം ഒടുങ്ങിയിരിക്കുന്നു ..............
ഇത്ര വില കുറഞ്ഞതാണോ ഓരോ മരണവും, എത്ര പെട്ടെന്നാണ് ജീവിതം കൊണ്ട് അടയാളപ്പെട്ടത് മുഴുവൻ മാഞ്ഞില്ലാതാവുന്നത് , തീർത്തുവെച്ച ആത്മഛായ വെറും നൈമിഷികമായിരുന്നോ ..?ആ മരണത്തെയോർത്തു എത്ര കണ്ണുകൾ കരയുന്നുണ്ടാവും , മരണത്തെയോർത്താവില്ല സ്വന്തം വ്യഥ ഓർത്തായിരിക്കും കരയുന്നത് , സ്വയം മരിക്കുന്നത് വരെ ഒരു മരണവും ആരെയും അലട്ടുന്നില്ലെ ....?
ഓഫീസിന്റെ സ്ഥിരം തിരക്കുകളിൽ അറിയാതെ ഒഴുകിത്തുടങ്ങിയപ്പോൾ സൗകര്യ പൂർവ്വം ഞാനും മറന്നിരുന്നു നഷ്ടപ്പെട്ട നിറഞ്ഞ പുഞ്ചിരിയുടെ ഓർമ്മകൾ ...
ഇനി ഒന്നോ രണ്ടോ അല്ലെങ്കിൽ അതിലതികമോ വാക്കുകൾ കൂട്ടി വെച്ച്‌ "പ്രിയപ്പെട്ട സേതുവേട്ടനെന്ന " ശീർഷകത്തിൽ ഒരു കവിത, പിന്നെയെനിക്കെന്നിലേക്കൊതുങ്ങ്ഹാം 
ശാന്തം ....സമാധാനം ........
- മിഷാൽ കൊച്ചുവർത്തമാനം -


Comments