ഒറ്റമൂലികളുടെ ജീവിതം


മുറിയാകെ അലങ്കോലപ്പെട്ടിരിക്കുന്നു , പകുതി വായിച്ചു നിർത്തിയ മാസികകൾ , പത്രങ്ങൾ , കടലാസ് തുണ്ടുകൾ , പേന, എല്ലാം ചിതറിക്കിടക്കുന്നുണ്ട് , തലക്ക് ആവശ്യത്തിലധികം കനമുള്ളത് പോലെ, ഇന്നലെ ഊതിപ്പറത്തിയ പുകച്ചുരുളുകൾ തറയിലും ഭിത്തിയിലും പറ്റി പരന്നൊഴുകുന്നുണ്ടോ ....? തല ഉയർത്താൻ കഴിയുന്നില്ല, കഞ്ചാവിനിത്ര കടുപ്പമുണ്ടെന്ന് ഇന്നലെയാണറിയുന്നത്
ഇന്നലെ എഴുതി തീർക്കേണ്ട രണ്ടു ലേഖനങ്ങൾ വേഗത്തിൽ തീർകണമെന്ന് കരുതിയാണ് ഊണ് കഴിഞ്ഞ ഉടനെ എഴുതാൻ ഇരുന്നത് , പേനയും പേപ്പറുമെടുത്ത് എഴുതാൻ തുടങ്ങിയതേ ഉള്ളു അപ്പൊ ദേ വരുന്നു സത്യ വാർത്തയിലെ സേതുവേട്ടൻ, അതങ്ങനെയാണ് എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ച് മനസ്സും ശരീരവും അതിന് വേണ്ടി സാഹസപ്പെട്ട് തയ്യാറാക്കി വരുമ്പഴേക്കും എന്തെങ്കിലുമായി അത് മുടങ്ങിപ്പോവും,
എന്റമ്മോ .....ഇതെന്തൊരു ഉഷ്ണമാണ് .......? ഈ പോക്ക് പോയാൽ ഞാനും നീയും അടങ്ങുന്ന ഈ മഹാ പാരം ഉണങ്ങിക്കരിഞ്ഞു പോകുമല്ലോ ജീവാ .......... വലിയ വായിൽ ചിരിച്ചു കൊണ്ട് അകത്തേക്ക് ഇടിച്ചു കേറി വന്ന സേതുവേട്ടന്റെ വെളുപ്പും കറുപ്പും കലർന്ന തടിയിലൂടെ ഇറ്റ് വീഴുന്ന വിയർപ്പ് തുള്ളിയിൽ നോക്കി ഞാനൊന്നും പറയാതെ വെറുതെയിരുന്നു,
ഹല്ലാ ...... ജീവൻ കാര്യമായിട്ടെന്തോ എഴുത്തിലാണല്ലോ ..? എന്താ വിഷയം ...?
പരിസ്ഥിതി മലിനീകരണം , ബാല വേല , പീഡനം , കരിഞ്ചന്ത , രാഷ്ട്രീയം, അതുമല്ലെങ്കിൽ കൊള്ള , കൊല ................?
വിഷയത്തിനാണോ പഞ്ഞം...................
എന്തായാലും നാല് പുറം എഴുതി കണക്ക് പറഞ്ഞു കാശെണ്ണി വാങ്ങുക അതോടെ എഴുത്തുകാരന്റെ പണി തീർന്നു ...... തീരണം....
കൂജയിലിരിക്കുന്ന തണുത്ത വെള്ളം മൊത്തിക്കുടിക്കുന്നതിനിടയിൽ മറ്റാരോടോ പറയും പോലെയാണ് സേതുവേട്ടൻ പറഞ്ഞു തീർത്തത്.
അരികിൽ വിരിച്ചിട്ട പുൽ പായയിൽ ഇരുന്ന് ബാഗിൽ നിന്നും വെളുത്ത കഞ്ചാവ് പൊതി പുറത്തെടുത്ത് എന്നെ നോക്കി വെറുതെ ചിരിച്ചു..............
ഈ ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും ഒറ്റ പരിഹാരമേ ഉള്ളൂ ..................
കഞ്ചാവ് ..............കഞ്ചാവിന്റെ വിശുദ്ധ പുക ................
വെളുത്ത കനം കുറഞ്ഞ കടലാസിലേക്ക് കഞ്ചാവും, ബീഡി ഇലയും തെറുത്തു കയറ്റുന്നതിനിടയിൽ അവ്യക്തമായി സേതുവേട്ടൻ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു, മുന്നേ കുടിച്ച വെള്ളത്തിന്റെ തുള്ളികളിലൊന്ന് താടിയിലൂടെ ഊർന്നൊലിച്ച് പുല്പായയിൽ വീണു ചിതറിത്തെറിച്ചു.........................
ശ്രദ്ധയോടെ കഞ്ചാവ് തുപ്പല് ചേർത്ത് നനച്ചൊട്ടിക്കുന്നതിനിടയിൽ പെട്ടെന്നെന്നോട് ചോദിച്ചു
ചെർപ്പുളശ്ശേരിക്കാരനായ ബഹുമാനപ്പെട്ട മിസ്റ്റർ ജീവൻ ....................
ഒരെണ്ണം നിനക്ക് കൂടി എടുക്കട്ടേ .........................?
എന്ത് .....................?
ഈ ലോകത്തിലെ പ്രശ്നങ്ങൾക്കുള്ള ഒറ്റ മൂലി .....................?
അതെന്താ .......................?
വിശുദ്ധ പുക ... .....................
വെളുത്ത കനം കുറഞ്ഞ കടലാസ്സിൽ ചുരുട്ടിയെടുത്ത കഞ്ചാവ് കൊളുത്തി എന്റെ നേർക്ക് നീട്ടി സേതുവേട്ടൻ ഉറക്കെ ചിരിച്ചു.
സേതുവേട്ടന് ഇതുപതിവുള്ളതാണ് ഇടക്കൊക്കെ ഇങ്ങനെ ഇടിച്ച് കേറി വരും , കുത്തിയിരുന്ന് കഞ്ചാവ് വലിച്ച് ഊതിപ്പറത്തും, എന്തൊക്കെയോ പറയും, ഇടക്ക് ഒന്നും പറയാതെ എണീച്ചു പോവും , ഇതാദ്യമായാണ് എന്നോട് വലിക്കാൻ പറയുന്നത്
അറ്റമെരിഞ്ഞു ചുവന്ന കഞ്ചാവ് ചുണ്ടിൽ ചേർത്ത് വെക്കുമ്പോൾ എന്റെ മനസ്സിലെന്തായിരുന്നെന്ന് എനിക്കോർമ്മയില്ല
ആഞ്ഞു വലിക്ക് ,........വിശുദ്ധ പുക മുഴുവനും ചങ്കിൽ പിടിച്ച് നിർത്ത് , പിന്നെ പതുക്കെ പുറത്തേക്കൂതി വിട്
പതുക്കെ ................ശാന്തമായി ..വളരെ ലോലമായി
അകലെയെവിടെയോ ഇരുന്ന് സേതുവേട്ടൻ പറയുന്നപോലെയാണെനിക്ക് തോന്നിയത്, ഒന്നോ രണ്ടോ തവണ വലിച്ചെന്നു തോന്നുന്നു, കയ്പ്പ് കലർന്ന ഇരുണ്ട പുക, ഭൂലോകം മുഴുവൻ വേഗത കുറഞ്ഞ പോലെ , ചിന്തകൾ മുഴുവൻ അവ്യക്തമായ ഒറ്റ ബിന്ദുവിൽ തളച്ചിട്ടിരിക്കുന്നു, ലോലമായ ചിന്തകൾ ,
സിരകളോരോന്നും തളർന്നു തൂങ്ങിയിരിക്കുന്നു , ശരീരത്തിന് തീരെ പ്രസക്തിയില്ലാതായിരിക്കുന്നു ,
ഓർമ്മകൾ, ചിന്തകൾ അത് മാത്രമാണ് ഞാൻ ........
ശെരിയാണ് ....ഇതാണ് ഒറ്റമൂലി ...................കണ്ണുകൾ അടഞ്ഞു,
അനന്ത സ്വപ്നം ............ പരമാനന്ദം.....
ഇന്നലെ സേതുവേട്ടൻ എപ്പോഴാണാവോ പോയത് , വാതിൽ രണ്ടും മലർക്കെ തുറന്നു കിടക്കുന്നുണ്ട് , തല ഉയർത്തി ക്ലോക്കിലേക്ക് നോക്കിയപ്പോൾ മണി രണ്ട്‌, ഏകദേശം ഒരു ദിവസം മുഴുവനും അബോധാവസ്ഥയിൽ കിടന്നെന്നു അപ്പോഴാണ് ബോധ്യമായത് , കുടലും ആമാശയവും വേവുന്നുണ്ട്, ഉമിനീരിൽ മുഴുവനും കയ്പ്പ് കലർന്നിട്ടുണ്ട് ഇന്നലെ ഉച്ചക്ക് കഴിച്ചതാണ് എന്തെങ്കിലും, വിശുദ്ധ പുകയുടെ ഓർമ്മകൾ അയവിറക്കി കുറച്ചു നേരം കൂടി വെറുതെ കിടന്നു ,
കൂജയിൽ നിന്നും ഒരിറക്ക് വെള്ളം അകത്തേയ്ക്ക് ചെന്നപ്പോൾ ആശ്വാസം തോന്നി, ഹാങ്ങറിൽ തൂക്കിയിട്ട ഷർട്ടെടുത്തിട്ട് പുറത്തേക്കിറങ്ങി, 50 രൂപയുടെ ഒറ്റ നോട്ട് പോക്കറ്റിൽ ചുരുണ്ട് കിടപ്പുണ്ട്, ഇത്തിരി നടന്നാൽ കാക്കാത്തോടാണ് അതും കഴിഞ്ഞാൽ അത്താണിക്കൽ കവല, ശ്രീധരേട്ടന്റെ വൈശാലി ഹോട്ടലിൽ ഇരുപത് രൂപക്ക് വറുത്ത മീനും ചോറും കിട്ടും, നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്, മുണ്ടു മടക്കിക്കുത്തി നിരത്തിലൂടെ നടന്നു, ആവശ്യത്തിന് വലുപ്പമില്ലാത്ത കുപ്പായമിട്ട ബംഗാളികൾ എതിരെ വരുന്നുണ്ട്, നിറഞ്ഞൊഴുകുന്ന കാക്കാത്തോടിന്റെ കൈ വരിയിൽ പിടിച്ച് ഇത്തിരി നേരം വെറുതെ നിന്നു, താഴെ നിറഞ്ഞൊഴുകുന്ന ജലം, സുഖമുള്ള തണുപ്പ് , വെറുതെ നിന്നപ്പോൾ താഴേക്കിറങ്ങണമെന്ന് തോന്നി,പുഴയുടെ കൈ വരി പിടിച്ച് താഴേക്കിറങ്ങി , സിമന്റിൽ തീർത്ത രണ്ടു ഇരിപ്പിടങ്ങൾ പാലത്തിന് താഴെയായി പണി കഴിച്ചിട്ടുണ്ട് , അവിടെയിരുന്നാൽ ഊക്കിൽ ഒഴുകുന്ന വെള്ളത്തിന്റെ എല്ലാ സുഖവും ആസ്വദിക്കാം, കണ്ണുമടച്ച് ഇത്തിരി നേരം സ്വയം മറന്നിരുന്നു.............
തീരെ നേർത്ത ഒരു ഞരക്കം കേട്ടാണ് കണ്ണ് തുറന്നു നോക്കിയത് , തീരെ അവശനായൊരു കറുത്ത മനുഷ്യൻ അല്ലെങ്കിൽ ഒരു മനുഷ്യ രൂപം, ഓരോ ശ്വാസത്തിലും വാരിയെല്ലുകൾ പുറത്തേക്ക് തെറിച്ച് തള്ളുന്നുണ്ട്, ഒട്ടിയ വയർ നട്ടെല്ലിൽ പറ്റി നിൽക്കുന്നു, ചുളിഞ്ഞു തൂങ്ങിയ ശരീരം ,നന്നേ അവശനാണ് , ഒഴുകുന്ന ജലത്തിലേക്കും നോക്കി ഒരേ ഇരുപ്പാണ്, എന്തോ ഓർത്തിട്ടെന്നപോലെ ഇരിപ്പിൽ നിന്നും ഇളകി അരയിൽ നിന്നും ഒരു പൊതി പണിപ്പെട്ട് പുറത്തേക്കെടുത്തു , പൊതിയിൽ വെളുത്ത കടലാസ്സിൽ ചുരുട്ടിവെച്ച കഞ്ചാവെടുത്ത് കൊളുത്തി വലിച്ചു , ഓരോ വലിയിലും ശരീരം ചുരുങ്ങി വലിയുന്നുണ്ട് , കുരച്ചു തുപ്പിയ കഫക്കട്ടയിൽ നൂല് പോലെ രക്തം കട്ടിപിടിച്ചിരിക്കുന്നു, അന്തരീക്ഷം മുഴുവൻ കഞ്ചാവിന്റെ മണം , അയാളുടെ കൈ വിറക്കുന്നുണ്ട്, ശ്വസം വല്ലാതെ പണിപ്പെട്ടാണ് അകത്തേക്കെടുക്കുന്നത്‌
സർ .........................എനിക്കൊരു 5 രൂപ തരുമോ ?
പതിഞ്ഞ സ്വരത്തിൽ അയാളെന്നെ നോക്കിയാണ് പറഞ്ഞത് ,
ഞാൻ കേട്ട ഭാവം നടിച്ചില്ല , ഒഴുകുന്ന കാറ്റിൽ ഇടറിയ സ്വരം അലിഞ്ഞില്ലാതെയായി
സർ ..............കുടിക്കാൻ ഇത്തിരി വെള്ളം തരുമോ .....
ശബ്ദം ഇടറിയിരുന്നു , കണ്ണുകൾ പുറത്തേക്ക് തള്ളിയിരുന്നു ..............
എനിക്ക് ദേശ്യവും അറപ്പും തോന്നി, കള്ളും കഞ്ചാവും വലിച്ച് കേറ്റി തെണ്ടാൻ ഇറങ്ങിക്കോളും ...
മനസ്സിൽ പ്രാവിക്കൊണ്ടു കൈ വരി പിടിച്ച് ഞാൻ മുകളിലേക്ക് തിരിച്ചു കയറി,
സ്വസ്ഥമായൊന്ന് ഇരിക്കാമെന്ന് വിചാരിച്ചതാ .........................
കൈ വരിയിൽ ചാരി നിന്ന് ഇത്തിരി നേരം കൂടെ വെറുതെ നിന്നു
ഇടറിയ ഒരു മുരൾച്ച കേട്ടാണ് താഴേക്ക് നോക്കിയത് , ആരൊക്കെയോ താഴേക്ക് ധൃതിയിൽ ഓടുന്നുണ്ട് , ഞാൻ താഴേക്കെത്തി നോക്കി, ആ മനുഷ്യൻ അവിടെ മറിഞ്ഞു വീണു പിടയുന്നു , വെള്ളം വറ്റി വരണ്ട നാവ് പുറത്തേക്ക് തള്ളി അതിലൂടെ ഇരുണ്ട രക്തവും പതയും ഒലിക്കുന്നുണ്ട്, ശക്തിയിലുള്ള മുരൾച്ച കാറ്റിലൂടെ പരന്നൊഴുകി, ഒടുവിലെപ്പഴോ ആ ചലനം നിശ്ചലമായി, തുറിച്ച കണ്ണുകൾ എന്റെ ദൃഷ്ടിയിൽ ഉടക്കിയ പോലെ എന്റെ കണ്ണിനെ പിടിച്ചു വലിക്കുന്നു, കാലിനുള്ളിലൂടെ ഒരു വിറയൽ ക്ഷണ നേരം കൊണ്ട് സിരയിൽ പടർന്ന് തലയിൽ തപിച്ചില്ലാതെയായി , വിയർപ്പു കണങ്ങൾ നെറ്റിയിലൂടെ ഊർന്ന് കൺ പോളകളിൽ തങ്ങി നിൽക്കുന്നുണ്ട്, കണ്ണുകൾ ഇറുക്കി അടച്ചെങ്കിലും കാഴ്ചകൾ മറനീക്കി വീണ്ടും ദൃശ്യമാവുന്നു , ശിരസിനുളിൽ തപിച്ചു വിയർക്കുന്നു............
പോക്കറ്റിലുള്ള അമ്പത് രൂപ നോട്ടെടുത്ത് തൊട്ടടുത്തുള്ള പെട്ടിക്ക ടയിലേക്കോടി .......
എനിക്കൊരു ഒറ്റമൂലി തരാവോ .....വിശുദ്ധ പുക .... കഞ്ചാവ് .....?
കൊളുത്തിയ കഞ്ചാവ് ചുണ്ടോടപ്പിച്ചു ആഞ്ഞു വലിക്കുമ്പോൾ അമ്പത് രൂപാ നോട്ട് എളിയിൽ തിരുകി ചിരിക്കുകയായിരുന്നു കടക്കാരൻ,
വിശുദ്ധ പുക ......ഒറ്റ മൂലി ...........ശാന്തം.............
അകലങ്ങളിലിരുന്നു സേതുവേട്ടന്റെ പതിഞ്ഞ സ്വരം, താടിയിൽ ഇപ്പോഴും തൂവി നിൽക്കുന്ന വെള്ളത്തുള്ളി ..................
പാതിയടഞ്ഞ കണ്ണുകൾ പതിയെ തുറന്നു നോക്കിയപ്പോൾ ആരൊക്കെയോ ചേർന്ന് ആ മനുഷ്യനെ വെളുത്ത മുണ്ടിൽ പൊതിഞ്ഞു കൊണ്ട് പോകുന്നതാണ് കണ്ടത്, ഒരു കഞ്ചാവ് പൊതിയോളം തീരെ ചുരുങ്ങിയിരുന്നു ആ മനുഷ്യ ശരീരം, അടുത്ത ഒരു പുകയിലൂടെ എന്റെ മനസ്സും കാഴ്ചകളും മറ്റൊരു ലോകത്തേക്ക് പറിച്ചു നടുമ്പോൾ പരമാനന്ദം നിറഞ്ഞ സ്വർഗ്ഗ ലോകത്തിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു ഞാനും എന്റെ ചിന്തകളും
-മിഷാൽ കൊച്ചു വർത്തമാനം -

Comments