IRUPATHEZHA RAAVU



ആഡംബരത്തിന്റെ അറപ്പില്ലാത്ത അന്യന്റെ സംസ്കാരം ഇന്ന് നമ്മളേയും ബാധിച്ചിട്ടുണ്ട് , കണ്ടു തീർത്ത ഓരോ റമദാൻ കാഴ്ചകളും അതിനുദാഹരണങ്ങളാണ്, ആഡംബരത്തിന്റെ മോടികൊണ്ട് തീർക്കേണ്ടതാണ് ഈ പുണ്യ മാസമെന്ന് ചിലരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ട്, അനാവശ്യമായി കുന്നു കൂട്ടുന്ന പല നിറത്തിലും മണത്തിലുമുള്ള എണ്ണിയാലൊടുങ്ങാത്ത ഭക്ഷണ പാനീയങ്ങൾ നോമ്പിന്റെ എന്ത് പുണ്യമാണ് ഈ കൂട്ടർക്ക് നൽകുന്നത്, മാറാ രോഗങ്ങളും മരണവുമല്ലാതെ ..? മറ്റു ചിലർക്ക് പുത്തനുടുപ്പുകളും അതിനൊത്ത തോരണങ്ങളും നിറവും മണവും നോക്കി തഞ്ചത്തിലും താളത്തിലും തിരഞ്ഞെടുക്കാൻ ഒത്ത നേരമാണ് നോമ്പ് കാലം , 10 നോമ്പ് തീരുന്നതിന് മുൻപേ ഉടുപ്പും, ചെരിപ്പും , വളയും , തളയും വാങ്ങിയെന്ന് ഉറപ്പു വരുത്താതെ ഒട്ടു മിക്ക മഹിളാ മണികൾക്കും ഉറക്കം വരാറില്ല. കാലേ കൂട്ടി എല്ലാം ഒപ്പിക്കുന്നതിനിടക്ക് നോറ്റ നോമ്പിന്ടെ ഗുണം മുഴുവൻ അങ്ങാടിയിൽ തുച്ച വിലക്ക് വിറ്റ് പോയത് പലരും അറിയാറില്ല, വർത്തമാന ലോകത്തെ എല്ലാമെല്ലാം ഒന്നാമതെത്തിപ്പിടിക്കാനും, മറ്റുള്ളവരെ അപ്പാടെ പകർത്തി അഹങ്കാരത്തോടെ നിവർന്നു നില്കാനും നെട്ടോട്ടമോടുന്നതിനിടക്ക് കാണാതെ പോകുന്ന പല കാഴ്ചകളും നമുക്ക് ചുറ്റുമുണ്ട് ...
എല്ലുന്തിയ മുഖവുമായി സ്വപ്നം കണ്ടു കണ്ടു കുഴിഞ്ഞ കണ്ണുകളുമായി ഇരുപത്തിഏഴാം രാവും കാത്തിരിക്കുന്ന വാടിയ ഉപ്പമാരുടെ മുഖം ..............പുത്തനുടുപ്പിന്ടെ മണവും കാത്ത് മണമില്ലാത്ത കിനാവും കണ്ട് കൊതിയോടെ കാത്തിരിക്കുന്ന ഒരുപാട് കുഞ്ഞ് മനസ്സുകളുടെ വാടിയ വദനങ്ങൾ ,കടം വാങ്ങിയ അരിമണി കൊണ്ട് നോമ്പ് തുറക്കാൻ കഞ്ഞി വെക്കുന്ന കണ്ണിൽ കരി പടർന്ന ഉമ്മമാർ .......
സഹായിച്ചില്ലെങ്കിലും ഈ പാവങ്ങളെ കൊതിപ്പിക്കാതിരിക്കുക.
മിന്നുന്ന പുത്തനുടുപ്പും തിളങ്ങുന്ന പൊൻ മണി മാലകളും ഈ കുരുന്നുകൾക്കും ഒരുപാടിഷ്ടമാണ്, പാതി വയറെങ്കിലും നിറഞ്ഞൊന്ന് സുഖമായിരിക്കാൻ ഇവർക്കും കൊതിയുണ്ടായിരിക്കും
കാട്ടിക്കൂട്ടുന്ന നിറമുള്ള കാഴ്ചകളല്ല റമദാൻ , മനസിന്റെ നന്മയാണ് റമദാൻ , സ്നേഹിക്കലും സ്നേഹിക്കപ്പെടലുമാണ് റമദാൻ, പ്രാർത്ഥനയും തേട്ടങ്ങളുമാണ് റമദാൻ . 
പ്രതീക്ഷ നശിച്ച ഉപ്പമാരെ ഒരുമിച്ചു നിന്ന് നമുക്ക് സഹായിക്കാം, പകുത്തു നല്കലാകട്ടെ ഈ റംസാന്ടെ സന്ദേശം,സ്നേഹവും, കരുണയും, അന്നവും , അലിവും , പുത്തനുടുപ്പും കുന്നി മണി മാലകളും എല്ലാം എല്ലാം നമുക്ക് പകുത്തു നല്കാം, 
കുഞ്ഞുങ്ങൾ ചിരിക്കട്ടെ ..........
ലോകം സ്വർഗമാവട്ടെ ...
- മിഷാൽ കൊച്ചുവർത്തമാനം -

Comments