Posts

Showing posts from January, 2019

Kanneerinu Svadhulla Uppu rasam

Image
അവളുടെ നീട്ടിപ്പിടിച്ച പിച്ചളപ്പാത്രത്തിലേക്ക് നോക്കി അവരൊരു ചോദ്യമാണ് ചോദിച്ചത് ഉപ്പോ .....? എന്തിനാ ഉപ്പ് ......? ഈ രാവിലെ തന്നെ തെണ്ടാൻ ഇറങ്ങിക്കോളും .................ലക്ഷണം കെട്ട ജാതികള് , രാവിലെതന്നെ കൊടുത്തു തുടങ്ങിയാൽ പിന്നെ ഈ ദിവസം മുഴുവൻ കൊടുക്കലാവും .............. തുളസി മാല ബ്ലൗസിനുള്ളിൽ നിന്നും വലിച്ച് മാറിൽ പടർത്തിയിടുന്നതിനിടയിലാണവർ പറഞ്ഞത് , തലയിണ തട്ടി പതിഞ്ഞ മുടി നാരുകൾ വെളുത്ത കവിളിൽ ഒട്ടിപ്പിടിച്ചിരുന്നു , അതും നുള്ളി പറിച്ചുകൊണ്ടവർ തിരിച്ചു നടന്നു, വീങ്ങ ി വിടർന്ന അവരുടെ അഹങ്കാരത്തിന്റെ പുറകു വശം നൃത്തമാടുന്നുണ്ടായിരുന്നു ഒഴിഞ്ഞ പാത്രം കയ്യിലൊതുക്കി തിരിഞ്ഞു നടക്കുമ്പോൾ അവൾക്ക് വിഷമമൊന്നും തോന്നിയില്ല , കടുത്ത വിഷമം തോന്നേണ്ടതായിരുന്നു, എന്തോ അറിയില്ല.........,ഒതുക്കമില്ലാത്ത അവരുടെ പൃഷ്ഠം അങ്ങോട്ടും ഇങ്ങോട്ടും താളമില്ലാതെ തുള്ളിത്തെറിക്കുന്നത് എന്തിനെന്നറിയാതെ അവളുടെ കണ്ണിൽ കുറെ നേരത്തേക്ക് കൂടി ചലന ചിത്രമായി അവശേഷിച്ചു തിരിഞ്ഞു നടക്കുമ്പോൾ തറയിൽ നെഞ്ചും വയറും പറ്റികിടക്കുന്ന കുഞ്ഞോമനയുടെ മുഖമായിരുന്നു മനസ്സിൽ, ഇന്നലെ കിട്ടിയ കഞ്ഞി വെള്ളത്തിൽ പതിവിലും അതികം...

സമ്മാനപ്പൊതി

Image
അന്ന് രാത്രി ആരും ഉറങ്ങിയില്ല , എന്തോ ആർക്കും ഉറക്കം വന്നില്ല , നിലത്തു മലർത്തിയിട്ട കിടക്കിയിലാണ് ഞാനും ഇത്തയും കിടക്കുന്നത് , കണ്ണുകൾ തുറന്ന് ഉറങ്ങാതെ എന്തൊക്കെയോ സ്വപ്നം കാണുകയായിരുന്നു ഇത്ത , കട്ടിലിൽ ഉമ്മയുടെ മാറോടൊട്ടി വിരല് കടിച്ചും കുടിച്ചും കുഞ്ഞനുജത്തി   കണ്ണ് തുറന്നു തന്നെയാണ്   കിടക്കുന്നതു , ഇരുട്ടുന്ടെയും നിശ്ശബ്ദതയുടെയും മറ നീക്കി ഉമ്മ ആരോടെന്നില്ലാതെ   പറയുന്നുണ്ടായിരുന്നു "പോക്കും വരവും തുടങ്ങീട്ട് കാലം കൊറെ ആയി , ഇന്നാണിപ്പോ സമാധാനത്തിലൊരു വർത്താനം കേട്ടത് " ആശ്വാസത്തിന്റെതാണെന്നു തോന്നുന്നു ദീർഘമായൊരു നെടുവീർപ്പിനൊടുവിൽ ജെസ്സിയുടെ മുതുകിൽ താളത്തിൽ തട്ടിക്കൊണ്ടു സ്ഥിരമായി മൂളാറുള്ള താരാട്ടും മൂളിക്കൊണ്ടു ഉറങ്ങാനൊരുങ്ങും മട്ടിൽ ഉമ്മ തിരിഞ്ഞു കിടന്നു     ഉപ്പ പുതിയ വിസയിൽ പോയിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും ഇന്നാണ് ഫോൺ വന്നത് തൊട്ട വീട്ടിലെ ഫോണിൽ ഉപ്പയോട്‌ സംസാരിച്ചു വരുന്ന ഉമ്മയുടെ മുഖത്തേക്ക് ഞാനും സജിയും ചോദ്യഭാവത്തിൽ   തല ഉയർത്തി നോക്കി , രണ്ടു പേരുടെയും മുഖത്തു നോക്കാതെ ആരോടെന്നില്ലാതെ ഉമ്മ പറയുന്നുണ്ടായിരുന്നു "ഇപ്പ്രാവ...

കുഞ്ഞീലി

Image
ഞാൻ കണ്ടു തുടങ്ങിയ   നാൾ മുതൽ കുഞ്ഞീലി ഇതുപോലെ തന്നെയാണ് ഒരു മാറ്റവും ഇല്ല .... പ്രായം പത്തെൺപതു കഴിഞ്ഞിരിക്കും , അലക്കി തേഞ്ഞ ഒറ്റമുണ്ട് മുട്ടോളം , വലിയ കോന്തല കെട്ടി അതിൽ നിറം മങ്ങിയ കണ്ണൻ ദേവൻ കവറിൽ നിറയെ മുറുക്കാൻ , തോളിൽ ചളി പിടിച്ച തോർത്തിന്ടെ കഷ്ണം , കറുത്ത് ചുളിഞ്ഞ് തൂങ്ങിയ ശരീരം , ഒടിഞ്ഞു തൂങ്ങി അവശമായി പള്ളയിൽ ഒട്ടിക്കിടക്കുന്ന മുലകൾ , മുറുക്കി ചുവന്ന തേഞ്ഞ പല്ലുകൾ , ചിറിയുടെ രണ്ടറ്റവും വെളുത്തു കീറിയ പാടുകൾ , തുറിച്ച് പാതിയടഞ്ഞ കണ്ണുകൾ , ചറ പറ പാറുന്ന കറുപ്പും വെളുപ്പും കലർന്ന മുടിയിൽ മഞ്ഞളിന്ടെ നിറം , തള്ള വിരലിൽ ഊന്നി ഉപ്പൂറ്റി പൊക്കി ചാടി ചാടി നടക്കുന്ന കുഞ്ഞീലിത്തള്ള   ഞങ്ങൾ കുട്ടികൾക്ക് ഒരു ഭീതി തന്നെയായിരുന്നു കുഞ്ഞീലിടെ പല്ല് കണ്ടോ ഓള് കുട്ട്യോളെ ഒറ്റക്ക് കിട്ടിയാ കടിച്ചു തിന്നുത്രേ ....... കുന്നുമ്പൊറത്തെ ചുടല കാട്ടിലാത്രേ ഓളെ അന്തിയുറക്കം ........ ഒറ്റക്കു കിട്ടിയാൽ ഒന്നും രണ്ടും പറഞ്ഞു കുട്ടികളെ പിടിച്ചു കൊണ്ടുപോയി കൊല്ലുമത്രെ ............ ചോര കുടിക്കുന്ന യക്ഷിയായതോണ്ടാത്രേ ഇങ്ങനെ ചാടി ചാടി നടക്കുന്നത് .... ഇങ്ങനെ പോകുന്നു കുട്ടികൾക്കിടയ...

കലാപത്തിനപ്പുറം

Image
മനസ്സും മരുഭൂമിയും വരണ്ടുണങ്ങിയത് കൊണ്ടാവും പ്രവാസികൾ മഴയെ ഇത്രയേറെ നെഞ്ചിലേറ്റുന്നത്   രാവിലെ പെയ്ത മഴയുടെ ബാക്കിയെന്നോണം ചിന്നി ചിന്നിപ്പെയുന്ന മഴയെ നോക്കി കോറിഡോറിൽ കാലും നീട്ടി കയ്യിലൊരു സിഗററ്റുമായി വെറുതെയിരിക്കുകയായിരുന്നു, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ദുബൈ നഗരം തിരക്കിട്ടോടുകയാണ്, ഈ നഗരത്തിനുറക്കമില്ലെന്നാണ് തോന്നുന്നത്,   ഒരുപാട് സ്വപ്നങ്ങൾക്ക് നിറം കൊടുക്കാനുള്ളതല്ലേ പിന്നെങ്ങനെയുറങ്ങും..........................? ഈ നഗരത്തിനിതെത്ര മുഖമാണ് ..................................? ചിലപ്പോൾ തോന്നും മണലിൽ വെറും ശോഭ കൊണ്ട് തീർത്ത സ്വപ്ന കൊട്ടാരത്തിന്റെ വെറും പൊയ്മുഖമാണെന്ന് ,ചിലപ്പോൾ ഇഷ്ടം കൊണ്ട് തീർത്തൊരു മൺ കൂജയിൽ കരൾ പിഴിഞ്ഞ് കറുത്ത ഗാവ നിറച്ച് എന്നെ കാത്തിരുന്നു മടുത്ത് പരിഭവം ചുവപ്പിച്ച അറബിപെണ്ണിന്ടെ മുഖമാണെന്ന് ,പിന്നെ ചിലപ്പോൾ കടലിരമ്പം മനസ്സിലൊളിപ്പിച്ച് അനന്തതയിലേക്ക് നോക്കിയിരിക്കുന്ന സ്വാതികന്ടെ മുഖം പോലെയും തോന്നിയിട്ടുണ്ട് ... അതുമല്ലെങ്കിൽ കാണാ മറയത്തിരുന്ന് എന്നെയോർത്തു കണ്ണ് കലങ്ങിയ ഉമ്മയെന്ന അടങ്ങാത്ത സ്നേഹത്തിന്റെ വാടിയ മുഖമാണെന്ന് .....

ഒറ്റമൂലികളുടെ ജീവിതം

Image
മുറിയാകെ അലങ്കോലപ്പെട്ടിരിക്കുന്നു , പകുതി വായിച്ചു നിർത്തിയ മാസികകൾ , പത്രങ്ങൾ , കടലാസ് തുണ്ടുകൾ , പേന, എല്ലാം ചിതറിക്കിടക്കുന്നുണ്ട് , തലക്ക് ആവശ്യത്തിലധികം കനമുള്ളത് പോലെ, ഇന്നലെ ഊതിപ്പറത്തിയ പുകച്ചുരുളുകൾ തറയിലും ഭിത്തിയിലും പറ്റി പരന്നൊഴുകുന്നുണ്ടോ ....? തല ഉയർത്താൻ കഴിയുന്നില്ല, കഞ്ചാവിനിത്ര കടുപ്പമുണ്ടെന്ന് ഇന്നലെയാണറിയുന്നത് ഇന്നലെ എഴുതി തീർക്കേണ്ട രണ്ടു ലേഖനങ്ങൾ വേഗത്തിൽ തീർകണമെന്ന് കരുതിയാണ് ഊണ് കഴിഞ്ഞ ഉടനെ എഴുതാൻ ഇരുന്നത് , പേനയും പേപ്പറുമെടുത്ത് എഴുതാൻ തുടങ്ങിയതേ ഉള്ളു അപ്പൊ ദേ വരുന്നു സത്യ വാർത്തയിലെ സേതുവേട്ടൻ, അതങ്ങനെയാണ് എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ച് മനസ്സും ശരീരവും അതിന് വേണ്ടി സാഹസപ്പെട്ട് തയ്യാറാക്കി വരുമ്പഴേക്കും എന്തെങ്കിലുമായി അത് മുടങ്ങിപ്പോവും, എന്റമ്മോ .....ഇതെന്തൊരു ഉഷ്ണമാണ് .......? ഈ പോക്ക് പോയാൽ ഞാനും നീയും അടങ്ങുന്ന ഈ മഹാ പാരം ഉണങ്ങിക്കരിഞ്ഞു പോകുമല്ലോ ജീവാ .......... വലിയ വായിൽ ചിരിച്ചു കൊണ്ട് അകത്തേക്ക് ഇടിച്ചു കേറി വന്ന സേതുവേട്ടന്റെ വെളുപ്പും കറുപ്പും കലർന്ന തടിയിലൂടെ ഇറ്റ് വീഴുന്ന വിയർപ്പ് തുള്ളിയിൽ നോക്കി ഞാനൊന്നും പറയാതെ വെറുതെയിരുന്ന...

ഞാനാണ് തീവ്രവാദി

Image
താടിയുണ്ട് തലപ്പാവുമുണ്ട് നേരിന്റെ നിസ്കാര പാടുമുണ്ട് ഇടറാത്ത കാലടിയിലുലയാതെയൂന്നിനിന്നരുതെന്ന് - പറയുന്ന നാവുമുണ്ട് കാഴ്ചയുണ്ടന്ന്യന്റെ കണ്ണീരു കാണുന്ന കേൾവിയുണ്ടപരന്ടെ രോദനം കേൾക്കുവാൻ തളരാത്ത കരളുണ്ട് കുനിയാത്ത ശിരസുണ്ട് പെറ്റ നാടിനായ് നൽകാനെൻ പ്രാണനുണ്ട് മുറിയാത്തൊരാദർശ ധാരയുണ്ട് അതിലണയാതെരിയും വെളിച്ചമുണ്ട് അന്യന്റെ ചോരക്ക് കാവലുണ്ട് എന്നും പെണ്ണിന്റെ മാനത്തിനർത്ഥമുണ്ട് കയ്യിൽ കൊടിയും കരളിൽ കറയുമായ് ദേശ സ്നേഹം തൂക്കിവിൽക്കും   കപടന്ടെ ആയുധ മൂർച്ചയിൽ   തോൽക്കാൻ ഇനി വയ്യ   തോറ്റു തളരാൻ മനസ്സില്ല................ ഞാനാണ് ദേശ ദ്രോഹി ...ഈ ..ഞാനാണ് തീവ്രവാദി മൂർച്ഛയുള്ളായുധ കൂർപ്പിനാലിന്നെന്ടെ കണ്ഠം തുരക്കുക   കരളും തകർക്കുക എന്റെ രക്തം നനചിന്നീ മണ്ണ് നിറക്കുക   ദേഹിയില്ലാ   ദേഹമവിടെ കളയുക എങ്കിലും ഒരുമാത്രയോർക്കുക നീചകാ   ............. മരണമില്ലെന്നുമെൻ വാക്കുകൾക്കും ഞാൻ തീർത്ത കാലടിപ്പാടുകൾക്കും ഉയരും ഒരായിരം ജീവനുകളിനിയും ആയിരം   കണ്ഡങ്ങൾ ഇനിയും പറയും ഞാനാണ് രാജ്യദ്രോഹി ...ഈ...

മഞ്ഞുപോലൊരു കിനാവ്

Image
ഉമ്മയാണവനോട് ആദ്യമായി ജിന്നിന്ടെ കഥ പറഞ്ഞു കൊടുത്തത് , രാജകുമാരനെ പ്രണയിച്ച സുന്ദരിയായ ജിന്നിന്റെ കഥ ,ചന്ദന മണമുള്ള രഥത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ഊളിയിട്ട് ഭൂമിയിലേക്ക് പാറി വരുന്ന വെളുത്ത ജിന്നിന്റെ കഥ, സ്വർണ നിറമുള്ള അവളുടെ പാദങ്ങൾ അന്തരീക്ഷത്തിലൂടെ തെന്നിക്കളിക്കുന്നത് ഉമ്മ വിവരിക്കുന്നത് കേൾക്കാൻ വല്ലാത്ത കൗതുകമായിരുന്നു,വെളുത്ത കാർമേഘങ്ങൾ കൊണ്ടാണത്രേ അവളുടെ ഉടുപ്പ് തുന്നിയിരുന്നത്, മരതക കല്ലുകളായിരുന്നത്രെ അവളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നത് , മയിൽ പീലി ദളങ്ങൾ കൂട്ടി വെച്ച പോലായിരുന്നത്രെ അവളുടെ കൺ പീലികൾ ........... പാലായി കുണ്ടിലെ ഉരുളൻ കല്ലുകൾ നിറഞ്ഞ പാറമടയിൽ നിറയെ ജിന്നുകളാണത്രെ ,ജിന്നുകൾ മാത്രമല്ല ഇഫ്രീത്തുകൾ, വടയക്ഷികൾ , ശെയ്ത്താൻ , ഇബ്‌ലീസ്, രക്തം കുടിക്കുന്ന ഭൂതങ്ങൾ, മാടൻ , മറുത മനുഷ്യരെ പോലെ ദൈവത്തിന്റെ മറ്റൊരു സൃഷ്ടിയാണത്രെ ജിന്നുകൾ , മനുഷ്യനെ രൂപപ്പെടുത്തിയത് മണ്ണുകൊണ്ടെങ്കിൽ ജിന്നുകളെ പടച്ചത് തീ കൊണ്ടാണത്രെ , ജിന്നുകൾക്കും കുടുംബവും, കുട്ടികളും എല്ലാമുണ്ടത്രേ .... ജിന്നിന്റെ കുട്ടികളൊക്കെ ഓത്തുപള്ളീ പോവാറുണ്ടോ ...... ? അള്ളാഹു അഹ്‌ലം .....ആർക്കറിയാം ........... ...